scorecardresearch
Latest News

ബ്രഹ്മപുരത്ത് തീ നിയന്ത്രണവിധേയമായി; ശ്വാസംമുട്ടല്‍ ഉള്‍പ്പടെ അസുഖമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി

തീ നിയന്ത്രണവിധേയമെന്നും വൈകുന്നേരത്തോടെ തീ പൂര്‍ണമായും അണയ്ക്കാനുകുമെന്ന് മന്ത്രി പി.രാജീവ്

veena george, cpm, ie malayalam

കൊച്ചി: ബ്രഹ്മപുരത്ത് തീ നിയന്ത്രണവിധേയമെന്നും വൈകുന്നേരത്തോടെ തീ പൂര്‍ണമായും അണയ്ക്കാനുകുമെന്ന് മന്ത്രി പി.രാജീവ്. തീ അണക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും അഗ്നിശമന സേനയ്ക്ക് ഒരുക്കിയതായും ആവശ്യമായ പമ്പുസെറ്റുകള്‍ ഉള്‍പ്പടെ എല്ലാം എത്തിച്ചതായും മന്ത്രി പറഞ്ഞു. ബ്രഹ്മപുരത്തെ തീപിടിത്തം ചര്‍ച്ച ചെയ്യാന്‍ എറണാകുളം കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രിമാരായ പി രാജീവും വീണാം ജോര്‍ജും.

തീയണയ്ക്കാന്‍ വെള്ളത്തിന്റെ കുറവ് ഉണ്ടായാല്‍ എഫ്എസിടിയുടെ നദിയില്‍ നിന്ന് ഉപയോഗിക്കാനാവശ്യമായ തീരുമാനം എടുത്തിട്ടുണ്ട്. ബ്രഹ്മപുരത്തെ ഉള്‍പ്പടെ സാഹചര്യം നേരിടാന്‍ കോര്‍ഡിനേഷന്‍ കമ്മറ്റി വരുമെന്നും രാജീവ് പറഞ്ഞു. അതേസമയം നഗരത്തിലെ മാലിന്യനീക്കം പുനരാരംഭിക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഇന്ന് തീയണച്ചാലും മറ്റ് ക്രമീകരണങ്ങള്‍ക്കായി ഒരാഴ്ച വരും വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

തീ പിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തിലുള്‍പ്പെടെയുണ്ടായ പുകയില്‍ ആശങ്കവേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പുകമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഇതുവരെയും കാര്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ശ്വാസംമുട്ടല്‍ ഉള്‍പ്പടെയുള്ള അസുഖമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ കൈകാര്യം ചെയ്യുന്നതിനായി എറണാകുളം ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ഉള്‍പ്പടെയുള്ള ആശുപത്രികളിലും പ്രത്യേക സജ്ജീകരണമൊരുക്കിയിട്ടുണ്ട്. കളമശേരി മെഡിക്കല്‍ കോളജില്‍ സ്‌മോക് അത്യാഹിത വിഭാഗവും പ്രവര്‍ത്തനം ആരംഭിച്ചെന്നും രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ ആരോഗ്യവകുപ്പ് തുറന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എല്ലാവരും മാസ്‌ക് ധരിക്കണം. പ്രായമുള്ളവര്‍, ശ്വാസകോശ സംബന്ധമായ രോഗമുളളവര്‍, ആസ്മയുള്ളവര്‍, ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍ പ്രത്യേകമായി ശ്രദ്ധിക്കണം. ആരോഗ്യവകുപ്പ് ഇതുമായി ബന്ധപ്പെട്ട് പ്രത്യേകമായ ക്രമീകരണങ്ങള്‍ ജില്ലയിലെ പ്രധാന ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തിയിട്ടുണ്ട്. എറണാകുളം ജില്ലാ ജനറല്‍ ആശുപത്രി, കളമശേരി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ ആശുപത്രികളില്‍ പ്രത്യേകം സജ്ജീകരണം ഏര്‍പ്പെടുത്തിയതായും ബ്രഹ്മപുരത്ത് രണ്ട് ഓക്‌സിജന്‍ പാര്‍ലറുകള്‍ ബ്രഹ്മപുരത്ത് സെറ്റ് ചെയ്തിട്ടുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു.

ജില്ലയിലെ ഏതെങ്കിലും ആശുപത്രിയില്‍ ഇതുസംബന്ധിച്ച് ഏതെങ്കിലും ആസുഖങ്ങള്‍ ഉണ്ടായാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തീയണയക്കുന്നവര്‍, മാധ്യമപ്രവര്‍ത്തകള്‍ ഉള്‍പ്പടെ അവിടെയുള്ളവര്‍ക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. 24 മണിക്കുര്‍ പ്രവര്‍ത്തിക്കുന്ന രണ്ട് കണ്‍ട്രോള്‍ റുമുകള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഫോണ്‍മ്പവറുകള്‍ 8075774769 04842360802 എന്നിങ്ങനെയാണ്. 

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Brahmapuram plant fire brought under control ministers