കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റില്‍ തീ അണയ്ക്കാനുള്ള ശ്രമം കൂടുതല്‍ ഊർജിതമാക്കുമെന്ന് എറണാകുളം കലക്ടർ ഡോ രേണുരാജ്. ശക്തിയേറിയ മോട്ടറുകൾ എത്തിച്ച് സമീപത്തെ പുഴയിൽനിന്ന് വെള്ളം പമ്പ് ചെയ്ത് തീ അണയ്ക്കാന്‍ ശ്രമം തുടരുമെന്നും കലക്ടര്‍ അറിയിച്ചും. സമീപ പ്രദേശങ്ങളിലുള്ളവര്‍ വീടുകളില്‍ തന്നെ തുടരണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
തീ പിടിത്തത്തെ തുടര്‍ന്ന് രണ്ടാം ദിവസവും കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും ക്രമാതീതമായി പുക ഉയരുകയാണ്. ബ്രഹ്മപുരത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പൂര്‍ണ്ണമായും പുക പടര്‍ന്നിരിക്കുകയാണ്. പത്തിലധികം ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ തീയണയ്ക്കല്‍ ശ്രമം തുടരുകയാണ്.
വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടങ്ങുന്ന കൂനയ്ക്ക് തീപിടിച്ചത്. ശക്തമായ കാറ്റില്‍ കൂടുതല്‍ മാലിന്യങ്ങളിലേക്ക് തീ പടരുകയായിരുന്നു. പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിക്കിടക്കുന്ന ഏക്കറുകണക്കിന് ഭാഗത്തേക്ക് തീ പടര്‍ന്നു. 50 അടിയോളം ഉയരത്തില്‍ മല പോലെ കിടക്കുന്ന മാലിന്യത്തിലേക്ക് തീ പടരുകയായിരുന്നു. രാത്രിയില്‍ കൂടുതല്‍ അഗ്‌നിരക്ഷ യൂണിറ്റുകള്‍ എത്തിച്ചെങ്കിലും തീ അണയ്ക്കാനുള്ള ശ്രമം വിജയിച്ചില്ല.
തീപിടിത്തത്തെ തുടര്‍ന്ന് ബ്രഹ്മപുരം, കരിമുകള്‍, പിണര്‍മുണ്ട, അമ്പലമുകള്‍, പെരിങ്ങാല, ഇരുമ്പനം, കാക്കനാട് പ്രദേശങ്ങളില്‍ പുകശല്യം രൂക്ഷമായിട്ടുണ്ട്. പ്ലാസ്റ്റിക് കത്തുന്ന ദുര്‍ഗന്ധവും രൂക്ഷമാണ്. പ്രദേശങ്ങളിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശ്വാസംമുട്ട് അനുഭവപ്പെടുന്നതായി നാട്ടുകാര്‍ പറഞ്ഞു.
തീപിടിത്തത്തില്‍ കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, ഫയര്‍ ആന്റ് റെസ്‌ക്യു, കുന്നത്തുനാട് തഹസില്‍ദാര്‍ എന്നിവരോട് വിശദ റിപ്പോര്‍ട്ട് നല്‍കുവാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. കുറച്ചുദിവസം തീ പുകഞ്ഞുകൊണ്ടിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കുവാനും കോര്‍പറേഷന്‍ സെക്രട്ടറിയോട് നിര്‍ദേശിച്ചിട്ടുണ്ട്.