കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തത്തിന് പിന്നാലെ നിലപാട് സ്വീകരിച്ച് സിപിഐ. മാലിന്യ സംസ്കരണത്തിന് ഇനി സ്വകാര്യ കമ്പനികള്‍ വേണ്ടെന്ന് എറണാകുളം ജില്ലാ സെക്രട്ടറി കെ എം ദിനകരന്‍ വ്യക്തമാക്കി. കരാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്നും ദിനകരന്‍ കൂട്ടിച്ചേര്‍ത്തു.
“കരാറേറ്റടുക്കാന്‍ പല പൊതുമേഖലാ സ്ഥാപനങ്ങളും തയാറായിരുന്നു. എന്നാല്‍ കോര്‍പ്പറേഷന്‍ നടപടികള്‍ വൈകിപ്പിച്ചു. കരാറുമായി ബന്ധപ്പെട്ടുള്ള വിജിലന്‍സ് അന്വേഷണം കാര്യക്ഷമമായി നടക്കണം,” ദിനകരന്‍ ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ദിനകരന്റെ പ്രതികരണം.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ദേശിയ ഹരിത ട്രൈബ്യൂണല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും ഭരണവീഴ്ചയുണ്ടായെന്നും ജസ്റ്റിസ് എ കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു.
മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് ട്രൈബ്യൂണല്‍ സ്വമേധയ എടുത്ത കേസിലാണ് വിമര്‍ശനം. ആറാം തീയതി പുറത്ത് വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വേണ്ടി വന്നാല്‍ സര്‍ക്കാരിനെതിരെ 500 കോടി രൂപ പിഴ ചുമത്തുമെന്ന മുന്നറിയിപ്പും ബെഞ്ച് നല്‍കിയതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
തീ അണയ്ക്കുന്നതിലുണ്ടായ കാലതാമസം ജനങ്ങളുടെ ആരോഗ്യത്തെ ബാധിച്ചതായും ട്രൈബ്യൂണല്‍ വിലയിരുത്തി. ബ്രഹ്മപുരത്ത് സ്വീകരിച്ച നടപടിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ട്രൈബ്യൂണലിനെ അറിയിച്ചു. വിശദമായ പരിശോധനയ്ക്ക് ശേഷമായിരിക്കും ട്രൈബ്യൂണലിന്റെ ഭാഗത്ത് നിന്നുള്ള തുടര്‍ നടപടികള്‍.