കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ തീപിടിച്ചതിനെ തുടർന്ന് ഉയർന്ന പുകയ്ക്ക് രണ്ട് ദിവസം പിന്നിട്ടിട്ടും ശമനമായില്ല. ഇന്ന് രാവിലെയും കൊച്ചിയിലും തൃപ്പൂണിത്തുറയിലും പുക മൂടി. വൈറ്റില, തൈക്കൂടം, തൃപ്പൂണിത്തുറ, ഇരുമ്പനം മേഖലകളാണ് പുക മൂടിയത്. ജില്ലാ കളക്ടർ മുഹമ്മദ് വൈ.സഫീറുളള സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. പ്രശ്നം പരിഹരിക്കാത്തതിൽ കുപിതരായ നാട്ടുകാർ ഇന്നലെ അർധരാത്രി മുതൽ മൂന്ന് മണി വരെ റോഡ് ഉപരോധിച്ചിരുന്നു.

കേരള ഫയർ ഫോഴ്സിന്റെ അഞ്ച് യൂണിറ്റ് സ്ഥലത്തെത്തിയിട്ടുണ്ട്. രാവിലെ 7.30 യോടെയാണ് പുക ഒഴിവാക്കാനുളള പരിശ്രമങ്ങൾ ആരംഭിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ വെളിച്ചക്കുറവ് മൂലം പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ഇന്നലെ രാത്രി വൈകിയും പുക ശമിക്കാതെ വന്നതോടെ പ്രദേശവാസികൾക്ക് വീടിനുള്ളിൽ കിടന്നുറങ്ങാൻ സാധിക്കാത്ത സ്ഥിതിയായി. തുടർന്ന് സത്രീകളും കുട്ടികളുമടക്കം സമരക്കാർ മണിക്കൂറുകളോളം പ്രധാന പാത ഉപരോധിച്ചു.

കണയന്നൂർ തഹസിൽദാർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്. കളക്ടർ നേരിട്ടെത്തി ബ്രഹ്മപുരത്തെ പ്രശ്നം പരിഹാരത്തിന് നേതൃത്വം നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതേ തുടർന്നാണ് ജില്ലാ കളക്ടർ ഇന്ന് രാവിലെ തന്നെ സ്ഥലത്തെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.