കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തില്‍ കൊച്ചി കോര്പ്പറേഷന് 100 കോടി രൂപ പിഴ ചുമത്തി ദേശിയ ഹരിത ട്രൈബ്യൂണല്‍. തുക ദുരന്തം മൂലം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായവര്‍ക്കായി ഉപയോഗിക്കാനാണ് നിര്‍ദേശം. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പിഴ തുക ഒരു മാസത്തിനകം ചീഫ് സെക്രട്ടറിക്ക് കൈമാറണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. സംഭവത്തില്‍ ധാര്‍മ്മികമായ ഉത്തരവാദിത്തം സര്‍ക്കാര്‍ എന്തുകൊണ്ട് ഏറ്റെടുക്കുന്നില്ലെന്നും ട്രൈബ്യൂണല്‍ ചോദിച്ചു. വായുവിലും ചതുപ്പിലും വിഷപദാര്‍ത്ഥത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായും ട്രൈബ്യൂണല്‍ അറിയിച്ചു.
ബ്രഹ്മപുരത്ത് കൃത്യതയുള്ള പ്ലാന്റ് വേണമെന്നും നിര്‍ദേശം മുന്നോട്ട് വച്ചിട്ടുണ്ട്. എന്നാല്‍ ഹരിത ട്രൈബ്യൂണലിന്റെ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കൊച്ചി മേയര്‍ എം അനില്‍കുമാര്‍. ഇത്രയും വലിയ തുക ഇപ്പോള്‍ അടയ്ക്കാനാകില്ലെന്നാണ് മേയര്‍ നല്കുന്ന വിശദീകരണം.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ട്രൈബ്യൂണല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും ഭരണവീഴ്ചയുണ്ടായെന്നും ജസ്റ്റിസ് എ കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു.
മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് ട്രൈബ്യൂണല്‍ സ്വമേധയ എടുത്ത കേസിലാണ് വിമര്‍ശനം. ആറാം തീയതി പുറത്ത് വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വേണ്ടി വന്നാല്‍ സര്‍ക്കാരിനെതിരെ 500 കോടി രൂപ പിഴ ചുമത്തുമെന്ന മുന്നറിയിപ്പും ബെഞ്ച് നല്‍കിയതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
തീ അണയ്ക്കുന്നതിലുണ്ടായ കാലതാമസം ജനങ്ങളുടെ ആരോഗ്യത്തെ ബാധിച്ചതായും ട്രൈബ്യൂണല്‍ വിലയിരുത്തി. ബ്രഹ്മപുരത്ത് സ്വീകരിച്ച നടപടിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു.
12 ദിവസത്തെ പ്രയത്നത്തിനൊടുവിലായിരുന്നു ബ്രഹ്മപുരത്തെ തീ പൂര്‍ണമായും അണച്ചത്. കൊച്ചിയിലെ വിവിധ മേഖലകളില്‍ വിഷപ്പുകയുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. ബ്രഹ്മപുരം മേഖലയിലും സമീപ പ്രദേശത്തുമുള്ള വിദ്യാഭ്യാസ സ്ഥപനങ്ങള്‍ക്ക് അവധി നല്‍കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു.