ന്യൂഡല്‍ഹി: ബ്രഹ്മപുരം തീപിടിത്തത്തിനു പിന്നിലെ അട്ടിമറി അന്വേഷിക്കണമെന്ന് ബിജെപിയുടെ സംസ്ഥാന ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍. ഗോവയും ഇന്‍ഡോറും മാലിന്യ സംസ്‌കരണത്തിന് മാതൃകകളാണെന്നും ഉദ്യോഗസ്ഥരെ അങ്ങോട്ടേക്ക് അയയ്ക്കാന്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്നും ജാവദേക്കര്‍ ഡല്‍ഹിയില്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബ്രഹ്മപുരത്ത് ബയോ മൈനിങ്ങിനു വേണ്ടിയാണ് സോണ്‍ട ഇന്‍ഫ്രടെക് കമ്പനിക്ക് കരാര്‍ നല്‍കിയത്. ഒന്‍പതുമാസം കൊണ്ട് പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാര്‍. 54 കോടിയായിരുന്നു കരാര്‍ തുക. എന്നാല്‍ 32 കോടി സോണ്ട കമ്പനി ഉപകരാറിലൂടെ കൈക്കലാക്കി. അരശ് മീനാക്ഷി എന്‍വിറോ കെയര്‍ എന്ന കമ്പനിക്ക് 22 കോടിക്ക് ഉപകരാര്‍ നല്‍കി. 32 കോടി രൂപ സ്വന്തം പോക്കറ്റിലാക്കിയെന്നും ജാവദേക്കര്‍ ആരോപിച്ചു. ബ്രഹ്മപുരത്ത് ത്രിപുര മാതൃകയില്‍ അഴിമതിക്കായി യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തുവെന്നും ജാവദേക്കര്‍ ആരോപിച്ചു.
ബ്രഹ്മപുരത്ത് പ്രതിദിനം എത്തുന്നത് വെറും 250 ടണ്‍ മാലിന്യമാണ്. 110 ഏക്കറിലാണ് മാലിന്യ ശേഖരണ പ്ലാന്റ് വ്യാപിച്ച് കിടക്കുന്നത്. ഗോവയിലും ഇൻഡോറിലും മികച്ച രീതിയിലുള്ള വേര്‍തിരിക്കലും മാലിന്യ സംസ്‌കരണവുമാണ് നടക്കുന്നത്. ഉദ്യോഗസ്ഥരെ അങ്ങോട്ടേക്ക് അയയ്ക്കാന്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. മാലിന്യനിര്‍മാര്‍ജനം ലാഭകരമായി മാറ്റാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്മപുരത്തെ സിപിഎം- കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ക്ക് പങ്കുള്ള മാലിന്യഅഴിമതി സിബിഐ. അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.