കൊച്ചി: കൊച്ചി നഗരസഭയുടെ ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ പൂർണ്ണമായും അണക്കാൻ സാധിച്ചില്ല. അതേസമയം പുക നിയന്ത്രിക്കാൻ ഒരു ദിവസം കൂടിയെടുക്കുമെന്നാണ് അഗ്നിരക്ഷാസേനയുടെ അറിയിപ്പ്. വെളിച്ചക്കുറവ് മൂലം ഇന്നത്തേക്ക് തീയണക്കാനുളള ശ്രമങ്ങൾ അവസാനിപ്പിച്ചു.

അതേസമയം ബ്രഹ്മപുരത്തിനടുത്തുളള വീടുകളിൽ എസി ഉപയോഗിക്കരുതെന്നാണ് നിർദ്ദേശം. പുകയുളള പ്രദേശങ്ങളിൽ വീടുകളിൽ ഇന്ന് എസി ഉപയോഗിക്കരുതെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുളളയാണ് നിർദ്ദേശിച്ചത്.

ബ്രഹ്മപുരത്ത് നിന്നുളള പുക കയറിയ വീടുകളിലെ ജനലുകൾ തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. തീപിടിത്തവും പുകയും നിയന്ത്രിക്കാൻ തീവ്രശ്രമം തുടരുകയാണ്. അതേസമയം ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തം അട്ടിമറിയാണെന്ന് സംശയമുണ്ടെന്ന് ആരോപിച്ച് സിപിഎം രംഗത്തെത്തി. കൊച്ചി മേയർ സൗമിനി ജെയിനിനെതിരെ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങുകയാണ് സിപിഎം.

ഇന്നലെ വൈകിട്ട് തീ നിയന്ത്രിക്കാൻ സാധിച്ചിരുന്നു. എന്നാൽ പുലർച്ചയോടെ തീ വീണ്ടും സജീവമായി. കൊച്ചി നഗരം മുഴുവൻ പുകയിൽ മൂടി. അഗ്നിരക്ഷാസേന ഒന്നര ദിവസമായി കഠിനപരിശ്രമമാണ് നടത്തുന്നത്. ഇന്ന് വൈകിട്ടോടെ തീയണക്കാൻ സാധിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ സാധിച്ചില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.