എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ബിപിഎല്‍ കാര്‍ഡ്; പ്രതിപക്ഷത്തിന്റെ നിര്‍ദേശം പരിഗണിക്കുമെന്ന് ഭക്ഷ്യമന്ത്രി

കാസര്‍ഗോഡെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്‌നങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിയമസഭയില്‍ പറഞ്ഞത്

Photo: Facebook/ Adv. G R Anil

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ബിപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ നല്‍കണമെന്ന പ്രതിപക്ഷ നേതാവിന്റെ നിര്‍ദ്ദേശം പരിഗണിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. ഇന്ന് നിയമസഭയില്‍ അടിയന്തിരപ്രമേയത്തിന് അവതരണാനുമതി തേടുന്നതിനിടെയാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പ്രതിപക്ഷ നേതാവിന്റെ നിര്‍ദ്ദേശത്തെക്കുറിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിതരണ വകുപ്പ് ഡയറക്ടറോട് ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ഔദ്യോഗികമായി പ്രതിപക്ഷ നേതാവിനെ അറിയിച്ചു.

കാസര്‍ഗോഡെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്‌നങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നായിരുന്ന വി.ഡി. സതീശന്‍ നിയമസഭയില്‍ പറഞ്ഞത്. ഇരകളെ സൃഷ്ടിച്ചത് സംസ്ഥാനമാണ്. അതുകൊണ്ടു തന്നെ അവരെ സംരക്ഷിക്കേണ്ട ബാധ്യതയും സംസ്ഥാനത്തിനുണ്ട്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രൂപീകരിച്ച റെമഡിയേഷന്‍ സെല്‍ ഒരു വര്‍ഷമായി പ്രവര്‍ത്തിക്കുന്നില്ലെന്നും സതീശന്‍ പറഞ്ഞു.

നിരന്തരം ആവശ്യപ്പെട്ടിട്ടും സെല്‍ പുനഃസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ഇരകളെയും സാമൂഹിക പ്രവര്‍ത്തകരെയും സാഹിത്യകാരന്‍മാരെയും അധിക്ഷേപിച്ച മുന്‍ ജില്ലാ കളക്ടറെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ കീടനാശിനി കോര്‍പറേറ്റുകള്‍ക്കൊപ്പം ചേര്‍ന്നിരിക്കുകയാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. മുവായിരത്തിലധികം പേര്‍ക്ക് സുപ്രീം കോടതി വിധി പ്രകാരമുള്ള നഷ്ടപരിഹാരം ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍.എ. നെല്ലിക്കുന്ന് നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. പ്രതിപക്ഷം ഉന്നയിച്ച വിഷയത്തിന് മറുപടി പറയേണ്ട മുഖ്യമന്ത്രി അതില്‍ നിന്നും ഒഴിഞ്ഞു മാറിയത് ദൗര്‍ഭാഗ്യകരമാണെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞു.

Also Read: കോവിഡാനന്തര ചികിത്സയും സൗജന്യമാക്കിക്കൂടെ? സര്‍ക്കാരിനോട് ഹൈക്കോടതി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Bpl ration card for endosulfan affected people

Next Story
സംസ്ഥാനത്ത് 12,616 പേര്‍ക്ക് കോവിഡ്, 134 മരണം; 1.22 ലക്ഷം സജീവ കേസുകള്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com