കൊച്ചി: ഇന്ധന സംഭരണികളുടെ മലിനീകരണം ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നു എന്നാരോപിച്ച് വടവുകോട് പുത്തന്‍കുരിശിലെ ജനങ്ങളും വിവിധ ജനകീയ സമിതികളും സംയുക്തമായ പ്രക്ഷോഭത്തിലേക്ക്. ഭാരത്‌ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിനെതിരായി (ബിപിസിഎല്‍) നടക്കുന്ന സമരത്തിന് പഞ്ചായത്തിന്റെയും പിന്തുണയുണ്ട്.

കുറേക്കാലമായി തുടരുന്ന അശാസ്ത്രീയമായ സ്ഥലമേറ്റെടുപ്പും സുരക്ഷാവീഴ്ചകളും സ്ഥലത്തെ ഭോപ്പാലിലേതിന് സമാനമായ ദുരന്തത്തിലേക്ക് തള്ളിവിടും എന്നാണ് പ്രദേശവാസികളുടെ ആശങ്ക. ബിപിസിഎല്ലിന്റെ സംഭരണിക്ക് പുറമേ എല്‍പിജി ബോട്ടലിങ് പ്ലാന്റ്, എയര്‍ പ്രോഡക്റ്റ് – ഹൈഡ്രജന്‍ പ്ലാന്റ്, ടാര്‍ പ്ലാന്റ്, പെട്രോകെമികല്‍സ് പ്ലാന്റ്, എസ്ആര്‍യു പ്ലാന്റ് തുടങ്ങി അതീവ സ്ഫോടനശേഷിയുള്ള ഒട്ടനവധി പ്ലാന്റുകളാണ് പ്രദേശത്തുള്ളത്.

പരിസ്ഥിതി മന്ത്രാലയത്തിന്റെ കണ്ടെത്തല്‍ പ്രകാരം രാജ്യത്തെ ഏറ്റവും ഗുരുതരമായി മലിനീകരിക്കപ്പെട്ട പ്രദേശങ്ങളിലൊന്നാണ് വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തും പരിസരവും. 2016ല്‍ പ്രദേശത്തെ റസിഡന്‍സ് അസോസിയേഷന്‍ നല്‍കിയ പരാതി കേട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കമ്പനിക്ക് ചില നിര്‍ദേശങ്ങളും കൈമാറിയിരുന്നു. എന്നാല്‍ മനുഷ്യാവകാശ കമ്മീഷന്റെയും മലിനീകരണ നിയന്ത്രണ  ബോർഡിന്റെയും നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തിയാണ് ബിപിസിഎല്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതെന്ന് സ്ഥലവാസികള്‍ പരാതിപ്പെടുന്നു.

“കമ്മീഷന്‍ ഇടപെട്ടെങ്കിലും അതില്‍ യാതൊരു നടപടിയും ഉണ്ടായില്ല. അവരുടെ നിര്‍ദേശങ്ങള്‍ ഒന്നും പാലിക്കാതെയാണ് കമ്പനി പുതിയ പ്രൊപിലീന്‍ പൈപ്പിന്റെയടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കമ്പനി പൂട്ടണം എന്നൊന്നുമല്ല, പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ നിബന്ധനകള്‍ കൃത്യമായി പാലിക്കണം എന്ന് മാത്രമാണ് ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന ആവശ്യം” സംയുക്ത ജനകീയ സമിതിയുടെ ജനറല്‍ കണ്‍വീനറും വാര്‍ഡ്‌ അംഗവുമായ അശോക്‌ കുമാര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

പ്ലാന്റിന് ചുറ്റുമായി ബഫര്‍ സോണും ഗ്രീന്‍ ബെല്‍റ്റും സ്ഥാപിക്കുക, ശബ്ദ മലിനീകരണം കുറയ്ക്കുന്നതിനായി എല്‍പിജി ബോട്ടിലിങ് പ്ലാന്റിന് കൂടുതല്‍ അടച്ചുമൂടിയ സംവിധാനം ഉറപ്പുവരുത്തുക, പ്രോപിലീന്‍ പ്ലാന്റിന്റെ തീക്കുഴല്‍ മാറ്റി സ്ഥാപിക്കുക തുടങ്ങിയ നിർദേശങ്ങളാണ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുൻപായി ഉറപ്പുവരുത്തണം എന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടത്.

കമ്പനിയോട് അടുത്ത് കിടക്കുന്ന കുഴിക്കൊദ് ആശ്രമം കോളനി, അമ്പലമുകള്‍, അടൂര്‍ക്കര, അയ്യൻകുഴി, എട്ടിക്കര, പുലിയമ്പിളിമുകള്‍, മച്ചോരിതാഴം, ചാലിക്കര, അത്യാട്ടുതാഴം, ആറാട്ടുമല, നീട്ടുംമേല്‍ എന്നീ പ്രദേശങ്ങളിലെ ജനങ്ങളാണ് തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുന്ന ഇന്ധന പ്ലാന്റിനെതിരായ ജനകീയ സംയുക്ത സമിതിയില്‍ അണിനിരക്കുന്നത്. വടവുകോട് പുത്തന്‍കുരിശ്, തിരുവാണിയൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്നതാണ് ഈ പ്രദേശങ്ങള്‍.

കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളും ജില്ലാ കലക്ടറും വിഷയത്തില്‍ ഇടപെടണമെന്നാണ് സംയുക്ത ജനകീയ സമിതിയുടെ ആവശ്യം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം എന്നും ഉടനടി ഇടപെടണം എന്നും ആവശ്യപ്പെട്ടുകൊണ്ട് മെയ് 9ന് രാവിലെ പത്ത് മണിക്ക് കലക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്നും സംയുക്ത ജനകീയ സമിതി അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.