scorecardresearch

ബോണക്കാട് കുരിശുമല; വിശ്വാസികളും പൊലീസും ഏറ്റുമുട്ടി; ലാത്തിച്ചാർജും കല്ലേറും; സമവായ ചർച്ച പാളി

മലയിലെ നിർമ്മാണ പ്രവർത്തനം തടയാൻ കോടതി ഉത്തരവുള്ളതിനാലാണ് പൊലീസ് പ്രകടനം തടഞ്ഞത്

ബോണക്കാട്: കുരിശുമലയിലേക്ക് പ്രകടനമായെത്തിയ വിശ്വാസികളെ പൊലീസ് തടഞ്ഞതോടെ ബോണക്കാട് സംഘർഷാവസ്ഥ. നെയ്യാറ്റിന്‍കര രൂപതയ്ക്ക് കീഴിലെ തീര്‍ഥാടന കേന്ദ്രമായ ബോണക്കാട് കുരിശുമലയിലേക്കുള്ള വിശ്വാസികളുടെ സന്ദര്‍ശനം ആണ് പൊലീസ് തടഞ്ഞത്. വിശ്വാസികൾ പൊലീസ് ബാരിക്കേഡ് തകർത്ത് പൊലീസിനെ തള്ളിമാറ്റിയതോടെയാണ് പൊലീസ് ലാത്തിച്ചാർജ്ജ് നടത്തിയത്.

ചിതറിയോടിയ വിശ്വാസികളും വൈദികരും ബോണക്കാട് കാടിനുള്ളിലേക്ക് കയറിയ ശേഷം പൊലീസിന് നേരെ കല്ലെറിഞ്ഞു. ഒരു സിഐയ്ക്കും എസ്ഐയ്ക്കും അടക്കം 18 പൊലീസുകാർക്ക് പരിക്കേറ്റു. 28 വിശ്വാസികൾക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവിഭാഗവും പരസ്പരം കല്ലെറിഞ്ഞതാണ് കൂടുതൽ പേർക്ക് പരിക്കേൽക്കാൻ കാരണമായത്. എന്നാൽ വിശ്വാസികൾ റോഡ് ഉപരോധിച്ച് കുത്തിയിരിക്കുന്നതിനാൽ പരിക്കേറ്റവരെ ആരെയും ആശുപത്രിയിലെത്തിക്കാൻ സാധിച്ചിട്ടില്ല.

ഇതേസമയം ലത്തീൻ കത്തോലിക്ക സഭയും തഹസിൽദാരുമായി നടത്തിയ ചർച്ചയിൽ ധാരണയായില്ല. 15 പേരെ മലയിലേക്ക് കയറ്റിവിടാമെന്ന തഹസിൽദാരുടെ സമവായ നിർദ്ദേശം സഭ തള്ളി. അതേസമയം സ്ഥലം എംഎൽഎ ശബരീനാഥൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ഇവിടം സന്ദർശിക്കുന്നുണ്ട്.

സ്ത്രീകളും വൈദികരും അടക്കം നൂറുകണക്കിന് പേരാണ് ബോണക്കാട് കുരിശുമല കയറാൻ എത്തിയത്. ലാത്തിച്ചാര്‍ജിലും കല്ലേറിലും പോലീസുകാരും സ്ത്രീകളും വൈദികരും അടക്കം നിരവധി പേർക്ക് പരിക്കേറ്റു. ബോണക്കാട് കുരിശു മലയില്‍ 60 വര്‍ഷം മുമ്പ് സ്ഥാപിച്ച കുരിശ് തകര്‍ത്തെന്ന് ആരോപിച്ചാണ് വിശ്വാസികളും വൈദികരും ഇവിടേക്ക് എത്തിയത്.

ബോണക്കാട് കുരിശുമലയിലേക്കുള്ള യാത്രക്ക് വേണ്ട സഹായങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് മന്ത്രി, സിസിഎഫ്, ഡിഎഫ്‌ഒ, റൂറല്‍ എസ്പി, ഡിവൈഎസ്പി തുടങ്ങിയവര്‍ക്ക് ബോണക്കാട് കുരിശുമല സംരക്ഷണ സമിതി കത്ത് നല്‍കിയിരുന്നു. രൂപതയിലെ 247 ദേവാലയങ്ങളിലെ വിശ്വാസികളുടെ പ്രാതിനിധ്യം ഉറപ്പിച്ചാണ് നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തില്‍ വിശ്വാസികൾ എത്തിയത്.

കുരിശുമലയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. ഇതേ തുടർന്ന് മലയിലേക്ക് വിശ്വാസികളെ കയറ്റിവിട്ടിരുന്നില്ല. എല്ലാ വർഷവും ജനുവരിയിലെ ആദ്യ വെള്ളിയാഴ്ച വിശ്വാസികൾ ബോണക്കാട് കുരിശുമല കയറാറുണ്ട്.

60 വർഷം മുൻപ് ബോണക്കാട് കാടിനകത്ത് മലമുകളിൽ സ്ഥാപിക്കപ്പെട്ട കുരിശ് തകർക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ദീർഘകാലമായി ഇവിടെ അസ്വസ്ഥത നിലനിൽക്കുന്നുണ്ട്. ഇവിടെ സമീപകാലത്ത് കുരിശ് തകർക്കപ്പെട്ടതായി കണ്ടെത്തിയതോടെ വിശ്വാസികൾ വീണ്ടും കുരിശുസ്ഥാപിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ കോടതി, ബോണക്കാട് മലയിൽ യാതൊരു നിർമ്മാണ പ്രവൃത്തിയും പാടില്ലെന്ന് ഉത്തരവിട്ടു. ഇതോടെ തങ്ങളല്ല കുരിശ് തകർത്തതെന്ന വിശദീകരണവുമായി വനം വകുപ്പ് രംഗത്തെത്തിയിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Bonacaud kurisumala police lathicharge to believers