തിരുവനന്തപുരം: വർഗീയ ശക്തികൾക്ക് കുടപിടിക്കുന്ന നടപടിയാണ് സർക്കാരിന്രെ ഭാഗത്ത് നിന്നുണ്ടായതെന്ന് ലത്തീൻ കത്തോലിക്ക സഭയുടെ ഇടയലേഖനം. ബോണക്കാട് കുരിശ് മലയുമായി ബന്ധപ്പെട്ട് നിരവധി നിവേദനങ്ങളും അപേക്ഷകളും നൽകിയിട്ടും യാതൊരുവിധ അനുകൂല നിലപാടും സർക്കാരിന്രെ ഭാഗത്ത് നിന്നുണ്ടായില്ല. വർഗീയശക്തികൾക്ക് കുട പിടിക്കുന്ന ഒരു സർക്കാർ സംവിധാനത്തിന്രെ പ്രതീതിയാണ് അനുഭവപ്പെട്ടതെന്നും ഇടയലേഖനം പറയുന്നു.

ബോണക്കാട് കുരിശുമലയിലേക്ക് പോയ തീർത്ഥാടകരെ പൊലീസ് തടഞ്ഞ സംഭവത്തിൽ ലത്തീൻ കത്തോലിക്ക സഭ ശക്തിയായി പ്രതിഷേധിച്ചാണ് ഇടയലേഖനം നെയ്യാറ്റിൻ കര രൂപതയ്ക്ക് കീഴിലുളള ആരാധനാലയങ്ങളിൽ വായിച്ചത്. നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഡോ. വിൻസെന്ര് സാമുവലാണ് ഇടയലേഖനത്തിൽ സർക്കാരിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയത്.

നീതിയും ന്യായവും പുലരാൻ ആഗ്രഹിക്കുന്ന ഒരു സർക്കാർ കേരളത്തിലുണ്ടെങ്കിൽ ഇനിയും മൗനം പാലിക്കരുത്. മുഖ്യമന്ത്രി ഈ പ്രശ്നത്തിൽ ഇടപെടണം. ഈ ആവശ്യം ഉന്നയിച്ച്  രൂപതയിലെ എല്ലാ വൈദികരും സന്യസ്തരും ചൊവ്വാഴ്ച രാവിലെ പത്ത് മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസമനുഷ്ഠിക്കുമെന്നും രൂപതാമെത്രാൻ തന്രെ ഇടയലേഖനത്തിൽ വ്യക്തമാക്കി.

ശനിയാഴ്ച നെയ്യാറ്റിൻകര രൂപതയുടെ കീഴിൽ എല്ലായിടത്തും പ്രതിഷേധദിനം ആചരിച്ചിരുന്നു.

പൊലീസ് അതിക്രമത്തെക്കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെടുന്നതാണ് ഇടയലേഖനം. ഞായറാഴ്ച രൂപതയ്ക്ക് കീഴിലെ ദേവാലയങ്ങളിൽ ഇടയലേഖനം വായിച്ചു.

വിഷയത്തിൽ സർക്കാരിനെതിരെ സമരം ശക്തമാക്കാനാണ് ലത്തീൻ കത്തോലിക്ക സഭയുടെ തീരുമാനം. വിതുരയിലും ബോണക്കാടും നടന്ന പൊലീസ് നടപടികളിൽ വിശ്വാസികളിൽ പലർക്കും പരുക്കേറ്റിരുന്നു. ഇതിന് പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടായെന്ന ആരോപണമാണ് സഭ ഉന്നയിക്കുന്നത്.

ഇക്കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നാണ് സഭയുടെ ആവശ്യം. കുരിശുമലയിൽ തീർത്ഥാടനത്തിന് നിരുപാധികം അനുമതി ലഭിക്കുന്നത് വരെ സമരം തുടരാനാണ് ലത്തീൻ കത്തോലിക്ക സഭ ശ്രമിക്കുന്നത്.

ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.എം.സൂസെപാക്യത്തിന്റെ നേതൃത്യത്തിലുളള സെക്രട്ടേറിയറ്റ് മാർച്ചും ഉപവാസവും നടക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ