കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതിയായ ബോംബ് ഇസ്‌മയില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി രംഗത്ത്. പൊലീസിന്റെ ആക്രമണത്തിനിരയായ ഉസ്‌മാന്‍ തന്റെ ബന്ധുവായതിനാലാണ് പൊലീസിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതെന്ന് ഇസ്‌മയില്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് മദനിയെ ജയിലില്‍ സന്ദര്‍ശിക്കുകയും മദനിയുമായി വേദി പങ്കിടുകയും ചെയ്യാമെങ്കില്‍ തന്റെ മൂത്തമ്മയുടെ (അമ്മയുടെ സഹോദരി) മകന് വേണ്ടി പ്രതിഷേധത്തില്‍ പങ്കെടുത്തുകൂടേയെന്ന് ഇസ്‌മയില്‍ ചോദിച്ചു. പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്ത് പിണറായി വിജയന്‍ മദനിയോടൊപ്പം വേദി പങ്കിടുകയും പിന്നീട് മദനിയെ ജയിലില്‍ സന്ദര്‍ശിക്കുകയും ചെയ്തതിനെ ചൂണ്ടിക്കാണിക്കുകയായിരുന്നു ഇസ്‌മയില്‍.

പൊലീസിനെതിരെ പ്രതിഷേധം നടത്തിക്കൊണ്ടിരിക്കുന്നവര്‍ തീവ്രവാദ സ്വഭാവമുള്ളവരാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ആരോപിച്ചത്. പ്രതിഷേധത്തില്‍ ബോംബ് ഇസ്‌മയിലും സംഘവും പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ടെന്നും പിണറായി പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ആലുവ സംഭവത്തില്‍ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

കളമശേരി ബസ് കത്തിക്കല്‍ കേസില്‍ തടിയന്റെവിട നസീറിനൊപ്പം പ്രതിയാണ് ഇസ്‌മയില്‍. ഈ കേസ് കോടതിയിലാണുള്ളത്. തനിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ എടത്തല പൊലീസ് തന്റെ കൈയ്യില്‍നിന്ന് കൈക്കൂലി വാങ്ങുന്നവരാണെന്നും ഇസ്‌മയില്‍ ആരോപിച്ചു. ഒരാഴ്‌ച മുന്‍പു പോലും തന്റെ കൈയ്യില്‍നിന്ന് ഡിവൈഎസ്‌പി പതിനായിരം രൂപ കൈക്കൂലി വാങ്ങി. പൊലീസ് സ്‌റ്റേഷനിലെ നാല് ഫാനുകള്‍ താന്‍ വാങ്ങി നല്‍കിയതാണെന്നും ഇസ്‌മയില്‍ പറഞ്ഞു. ഉസ്‌മാനെ മര്‍ദിച്ചതിന് നടപടി നേരിട്ട സിപിഒ ജലീലിനും കൈക്കൂലി നല്‍കിയിരുന്നെന്നും ഇസ്‌മയില്‍ ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ