കോഴിക്കോട്: സിപിഐ.എം കോഴിക്കോട് ജില്ലാക്കമ്മിറ്റി ഓഫീസിലേക്ക് സ്റ്റീൽ ബോംബേറ്. ബോംബേറിൽ ജില്ലാസെക്രട്ടറി പി മോഹന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. യാത്രകഴിഞ്ഞ് കാറില്‍ ഓഫീസിലെത്തി വരാന്തയിലേക്ക് കയറുമ്പോഴായിരുന്നു ബോംബേറ്. ഓഫീസ് വരാന്തയിലുണ്ടായിരുന്ന പാര്‍ട്ടിപ്രവര്‍ത്തകന്‍ സുര്‍ജിത്തിന് മുറിവേറ്റു. ആക്രമണത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച്ച പുലര്‍ച്ചേ ഒന്നേകാലോടെയായിരുന്നു ആക്രമണം. അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. രണ്ട് ബോംബുകളാണ് എറിഞ്ഞത്. ഒരെണ്ണം പൊട്ടി. പൊട്ടാതെ കിടന്ന ഒരു ബോംബ് പിന്നീട് പൊലീസ് കണ്ടെത്തുകയായിരുന്നു.

ബോംബേറില്‍ നിന്ന് തലനാരിഴ്ക്കാണ് താന്‍ രക്ഷപ്പെട്ടതെന്ന് പി മോഹനന്‍ പിന്നീട് മാധ്യങ്ങളോട് പറഞ്ഞു. ബോംബെറിഞ്ഞ ശേഷം ഓഫീസീന് പിന്നിലേക്ക് അഞ്ച് പേര്‍ ഓടി രക്ഷപ്പെട്ടതായും മോഹന്‍ കൂട്ടിച്ചേര്‍ത്തു. നഗരമധ്യത്തില്‍ വയനാട് റോഡില്‍ ക്രിസ്ത്യന്‍ കോളെജിന് സമീപത്താണ് സിപിഐഎം ജില്ലാക്കമ്മിറ്റി ഓഫീസ്.

വടകര ആര്‍എസ്എസ് കാര്യാലയത്തിന് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളില്‍ ആർഎസ്എസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡൽഹി എകെജി ഭവനിൽ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ എകെജി ഭവനിൽ വെച്ച് ഹിന്ദുസേനാ പ്രവർത്തകർ ആക്രമിച്ചതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി സിപിഐഎം-ആർഎസ്എസ് ഓഫീസുകൾക്ക് നേരെ ആക്രമണം നടന്നിരുന്നു.

തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞു എന്നാരോപിച്ച് സംഘപരിവാർ ഇന്നലെ തിരുവനന്തപുരം ജില്ലയിൽ ഹർത്താൽ നടത്തിയിരുന്നു. എന്നാൽ ആർഎസ്എസുകാർ തന്നെയാണ് ബോംബെറിഞ്ഞതെന്നാണ് സിപിഐഎം ആരോപണം. നവ മാധ്യമങ്ങളിൽ ഇതിനുള്ള തെളിവുകളും സിപിഐഎം അനുഭാവികൾ പ്രചരിപ്പിച്ചിരുന്നു. സിപിഐഎമ്മിന്റെ വടകര ഓഫീസിനു നേരെയും ഇന്നലെ ആക്രമണം നടന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.