കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ കള്ളവോട്ട്‌ നടന്നിട്ടുണ്ടെന്ന് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കളളവോട്ട് ചെയ്‌തുവെന്ന്‌ ആരോപിക്കപ്പെട്ടവര്‍ക്ക് കോടതി നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. ബിജെപി നേതാവ്‌ കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ്‌ ഹര്‍ജിയിലായിരുന്നു നടപടി. കള്ളവോട്ട് ചെയ്തെന്ന് ആരോപിക്കപ്പെട്ട 259 പേരില്‍ 26 പേരുടെ യാത്രാരേഖകള്‍ പരിശോധിച്ചതില്‍ 20 പേരും വിദേശത്താണെന്ന് കണ്ടെത്തി.

വിദേശത്തായിരുന്ന ഇവരുടെ പേരില്‍ കള്ളവോട്ട്‌ നടന്നുവെന്നാണ്‌ ആക്ഷേപം. തെരെഞ്ഞെടുപ്പ് ദിവസം വിദേശത്തുള്ളവർ പോലും വോട്ട് ചെയ്തിട്ടുണ്ടെന്നും, അതിനാൽ ലീഗ് സ്ഥാനാർത്ഥി പി.ബി അബ്ദുൽ റസാഖിൻറെ തെരെഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നും സുരേന്ദ്രന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

മഞ്ചേശ്വരം മണ്ഡലത്തിൽ വിജയിച്ച മുസ്ലിംലീഗിലെ പി.ബി അബ്ദുർറസാഖിനെതിരെ സുരേന്ദ്രൻ ഹൈക്കോടതിയിൽ സമർപ്പിച്ച കേസിലാണ് നടപടി. മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും പേരിൽ റസാഖിന് അനുകൂലമായി കള്ളവോട്ട് ചെയ്തതായി ആരോപിച്ചാണ് സുരേന്ദ്രന്റെ ഹരജി നല്‍കിയിരുന്നത്.

തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിലെ പി.ബി.അബ്ദുറസാഖിനോട്‌ കേവലം 89 വോട്ടിനാണ്‌ പരാജയപ്പെട്ടതെന്നിരിക്കെ കെ.സുരേന്ദ്രനെയും ബിജെപിയെയും സംബന്ധിച്ച്‌ കോടതി നടപടികള്‍ നിര്‍ണായകമാണ്‌.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.