കൊച്ചി: ബോഡി ഡബ്ലിംഗ് നടത്തിയ കേസില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ അടക്കം നാല് പേര്‍ക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ജീൻ പോൾ ലാലിനെക്കൂടാതെ, നടൻ ശ്രീനാഥ് ഭാസി, സാങ്കേതിക പ്രവർത്തകരായ അനൂപ് വേണുഗോപാൽ, അനിരുദ്ധൻ എന്നിവർക്കും മുൻകൂർ ജാമ്യം ലഭിച്ചു. ഇവര്‍ക്കെതിരെ നടി ആദ്യം പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് പരാതി പിന്‍വലിച്ചിരുന്നു. എന്നാല്‍ കേസില്‍ ഒത്തുതീര്‍പ്പ് പറ്റില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. നടിക്ക് പരാതിയില്ലെങ്കിലും കേസ് ഒത്തുതീര്‍ക്കാനാകില്ല. ബോഡി ഡബിളിങ്ങും അശ്ലീല സംഭാഷണവും ക്രിമിനല്‍ കുറ്റമാണ്. സാമ്പത്തിക തര്‍ക്കം കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാമെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്.
ഹണീ ബീ ടു എന്ന സിനിമയിൽ മറ്റൊരാളുടെ ശരീരം ചിത്രീകരിച്ച് തന്റേതെന്ന പേരിൽ പ്രദർശിപ്പിച്ചെന്ന് ആരോപിച്ചു നടി നൽകിയ പരാതിയിലാണ് കേസ്. നടിയുടെ പരാതിയിൽ സിനിമയുടെ സെൻസർ കോപ്പി പരിശോധിക്കാൻ പൊലീസ് നേരത്തേ തീരുമാനിച്ചിരുന്നു. സിനിമയിലെ സീൻ ഉൾപ്പെടെയുള്ള വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടി പരാതി നൽകിയത്.