തിരുവനന്തപുരം: ക്രമസമാധാനപാലനത്തിലും പട്രോളിങ് വേളയിലും നിരീക്ഷണവും അനുബന്ധപ്രവര്‍ത്തനങ്ങളും ശക്തമാക്കാന്‍ യൂണിഫോമില്‍ ഘടിപ്പിക്കുന്ന അത്യാധുനിക കാമറകളുമായി കേരള പോലീസ്. പൈലറ്റ് അടിസ്ഥാനത്തില്‍ എറണാകുളത്തും തിരുവനന്തപുരത്തുമാണ് പദ്ധതി നടപ്പാക്കുന്നത്.
പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ തിരഞ്ഞെടുക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കാമറകള്‍ കൈമാറി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹറ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ‘ക്രമസമാധാനപാലനം കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ ഏറ്റവും ആധുനികമായ കാമറകളാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഈ വര്‍ഷം തന്നെ കേരളമാകെ പദ്ധതി നടപ്പാക്കും’ ഡി ജി പി ലോക്നാഥ് ബെഹ്റ പറഞ്ഞു.
എറണാകുളത്തും തിരുവനന്തപുരത്തുമായി 50 കാമറകളാണ് ആദ്യഘട്ടത്തില്‍ വാങ്ങിയിട്ടുള്ളത്. ബ്രോഡ്കാസ്റ്റിങ് സംവിധാനമുള്ള കാമറകളാണ് പുതിയ പദ്ധതിക്കായി കേരള പോലീസ് ഉപയോഗിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ ബ്രോഡ്കാസ്റ്റിങ് കണ്‍സള്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡ് എന്ന മിനിരത്ന കമ്പനിയാണ് ഈ കാമറകള്‍ നിര്‍മ്മിച്ച് നല്‍കിയത്. ലൈവ് സ്ട്രീമിങ്ങാണ് ഇതിന്റെ ഒരു സവിശേഷത. 4 ജി സിം ഉപയോഗിച്ച് ക്യാമറ ദൃശൃങ്ങളും ശബ്ദവും ജി.എസ്.എം. സംവിധാനം വഴി കണ്ട്രോള് റൂമിലേയ്ക്കോ ആവശ്യമുള്ള മറ്റേതെങ്കിലും കേന്ദ്രത്തിലേക്കോ അയയ്ക്കാം.
ക്രമസമാധാനപാലനവേളയില്‍ ജില്ലാ പൊലീസ് മേധാവി, റേഞ്ച് ഐ ജി, എ ഡി ജി പി , സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് ഈ ദൃശ്യങ്ങള്‍ കാണാനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സാധിക്കും. ‘പുഷ് ടു ടാക് ‘ (പിടിടി) സംവിധാനം വഴി സീനിയര്‍ ഓഫീസര്‍ക്ക് ക്യാമറ ഘടിപ്പിച്ച പൊലീസ് ഓഫീസറോടും തിരിച്ചും സംസാരിക്കാനാവും. ക്യാമറ സംവിധാനം ചേര്‍ന്ന ഒരു ഗ്രൂപ്പിനുള്ളില്‍ അംഗങ്ങള്‍ക്ക് പരസ്പരം സംസാരിക്കാനും കഴിയും.
ഇതിന് പുറമേ, 64 ജിബി മെമ്മറിയുള്ള ക്യാമറകളില്‍ ഓഡിയോ വീഡിയോ റെക്കോഡിങ് സൗകര്യമുള്‍പ്പെടെ മറ്റു സാധാരണ ക്യാമറകളിലുള്ള സംവിധാനങ്ങളുമുണ്ട്. ഓരോ ദിവസത്തെയും റെക്കോഡിങ് അതതു ദിവസം കണ്ട്രോള് റൂമില്‍ ശേഖരിക്കുന്നതിനും പിന്നീടുള്ള വിശകലനത്തിന് ഉപയോഗിക്കുന്നതിനും കഴിയും. പൊലീസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനും പുതിയ സംവിധാനം വഴിയൊരുക്കും.