പാലക്കാട്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം തിങ്കളാഴ്ചവരെ സംസ്കരിക്കരുതെന്ന് കോടതി. ഏറ്റുമുട്ടൽ കൊലകളിൽ സുപ്രീം കോടതി മാനദണ്ഡം പാലിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ കാർത്തിക്കിന്റെയും മണിവാസകത്തിന്റെയും ബന്ധുക്കൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. നവംബർ രണ്ടിന് ഹർജി കോടതി വീണ്ടും പരിഗണിക്കും.
മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ ബന്ധുക്കൾ വിസമ്മതിച്ചിരുന്നു. മൃതദേഹം ബന്ധുക്കളെ കാണിക്കാതെ പോസ്റ്റ്മോർട്ടം നടത്തിയതാണ് കാരണം. നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും പൊലീസ് ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നും കൊല്ലപ്പെട്ട മണിവാസകം, കാർത്തി എന്നിവരുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.
അട്ടപ്പാടിയിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ ദുരൂഹത ആരോപിച്ച് അട്ടപ്പാടിയിലെ ആദിവാസി നേതാക്കളും രംഗത്തു വന്നിരുന്നു. കീഴടങ്ങാന്‍ തയ്യാറായവരെയാണ് പൊലീസ് വെടിവച്ചുകൊന്നതെന്ന് ആദിവാസി നേതാവ് ശിവാനി പറഞ്ഞു. മണിവാസകം ആരോഗ്യപ്രശ്‌നങ്ങളാൽ അവശനായിരുന്നു. ഇവരുമായി പൊലീസ് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയിരുന്നു. പൊലീസ് വെടിവച്ചുകൊല്ലുമെന്ന് മരിച്ചവര്‍ ഭയപ്പെട്ടിരുന്നതായും ശിവാനി പറഞ്ഞു.
Read More: കീഴടങ്ങാന്‍ തയ്യാറായവരെയാണ് വെടിവച്ചു കൊന്നത്; മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ ആദിവാസി നേതാക്കള്‍
അട്ടപ്പാടിയിൽ നാലു മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നത് മുൻകട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ ഗ്രോ വാസു പറഞ്ഞു. കൊല്ലാൻ വേണ്ടി മാത്രമാണ് അവരെ വെടിവച്ചത്. അരയ്ക്കു താഴെ വെടിവയ്ക്കാമായിരുന്നു. അല്ലെങ്കിൽ കീഴടങ്ങാനുളള അവസരം കൊടുക്കാമായിരുന്നു. ഇതിനൊന്നും തയ്യാറാവാതെ അവരെ വെടിവച്ചു കൊന്നു. തണ്ടർബോൾട്ടാണ് മാവോയിസ്റ്റുകളെ വെടിവച്ചതെന്നാണ് സർക്കാർ പറയുന്നത്. ഇതിൽ സർക്കാരിന് ഉത്തരവാദിത്തം ഇല്ലേ?. സർക്കാരിന്റെ അറിവോടുകൂടിയാണ് വെടിവയ്പ് നടന്നതെന്നും ഗ്രോ വാസു തൃശൂർ മെഡിക്കൽ കോളേജിൽ മാധ്യമങ്ങളോട് പറഞ്ഞു.
അട്ടപ്പാടി മേലേ മഞ്ചിക്കണ്ടി വനത്തിൽ കേരള പൊലീസിലെ തണ്ടർബോൾട്ട് സേനയുമായുള്ള ഏറ്റുമുട്ടലിൽ നാലു മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. മണിവാസകം (അപ്പു), രമ, അരവിന്ദ്, കാർത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. പശ്ചിമഘട്ട മേഖലയിൽ പ്രവർത്തിക്കുന്ന സിപിഐ (മാവോയിസ്റ്റ്) ഭവാനിദളം സൗത്ത് സോൺ കമ്മിറ്റിയിലെ മുതിർന്ന നേതാവായിരുന്നു മണിവാസകം. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങളുടെ ഏകോപനത്തിന്റെ ചുമതലക്കാരനായിരുന്നു.