മറഡോണ എന്ന ഇതിഹാസ താരത്തെ കേരളത്തിൽ എത്തിച്ചത് പ്രമുഖ വ്യവസായിയായ ബോബി ചെമ്മണ്ണൂർ ആയിരുന്നു. ചെമ്മണ്ണൂർ ജ്വല്ലേഴ്സിന്റെ ബ്രാൻഡ് അംബാസഡർ എന്ന നിലയ്ക് കണ്ണൂരിലെ ഷോറൂം ഉദ്ഘാടനം ചെയ്യാനായിരുന്നു മറഡോണ കേരളത്തിലെത്തിയത്. ബ്രാൻഡ് അംബാസിഡർ എന്നതിനപ്പുറം മറഡോണയുമായി സൗഹൃദവും കാത്തുസൂക്ഷിച്ച ആളാണ് ബോബി ചെമ്മണ്ണൂർ. മറഡോണയുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് ബോബി ചെമ്മണ്ണൂർ.
Read more: ഇതിഹാസത്തിനു ലോങ് വിസിൽ; അർജന്റീനയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം
“കളിയോടുള്ള സ്നേഹം മൂത്ത് ഒരു ആരാധകനെന്ന രീതിയിലാണ് ആദ്യം അദ്ദേഹത്തെ കാണാൻ ശ്രമിച്ചത്. ആദ്യം പല തവണ പോയപ്പോഴും കാണാൻ സാധിച്ചില്ല. പിന്നീട് നേരിട്ട് കണ്ടപ്പോൾ ഒന്നിച്ച് സഹകരിക്കാൻ അദ്ദേഹം തയ്യാറായി. അദ്ദേഹത്തെ കേരളത്തിലേക്ക് കൊണ്ടു വരാൻ സാധിച്ചു. മലേഷ്യ, ഗൾഫ് എന്നിവിടങ്ങളിലും അദ്ദേഹത്തിനൊപ്പം പോയി. അർജന്റീനയിലും പോയിരുന്നു. പണത്തോട് ആർത്തിയില്ലാത്ത മനുഷ്യനായിരുന്നു. നിഷ്കളങ്കനായ മനുഷ്യനാണ്, പെട്ടെന്ന് ദേഷ്യം വരും. കുറച്ചു കഴിയുമ്പോൾ ദേഷ്യം മാറി വന്ന് കെട്ടിപ്പിടിക്കും.”
“എന്റെ ആത്മാർത്ഥ സുഹൃത്തിനെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അടുത്തറിഞ്ഞപ്പോൾ അദ്ദേഹം വെറുമൊരു ഫുട്ബോൾ കളിക്കാരൻ മാത്രമായിരുന്നില്ല, ലോകത്ത് നുണ പറയാത്ത ഒരു മനുഷ്യനുണ്ടെങ്കിൽ എനിക്കറിയാവുന്നത് മറഡോണയെ മാത്രമാണ്. അതോടെയാണ് അദ്ദേഹത്തോടുള്ള ആരാധനയും സ്നേഹവും കൂടിയത്.” മനോരമ ന്യൂസിനോട് പ്രതികരിക്കവെ ബോബി ചെമ്മണ്ണൂർ പറഞ്ഞു.
“അദ്ദേഹം പൊട്ടിക്കരയുന്ന ഒരു നിമിഷം ഓർക്കുകയാണ്. ഭക്ഷണം കഴിച്ച് അൽപം മദ്യം കഴിച്ചിരിക്കുമ്പോൾ, ഡ്രഗ്സ് യൂസ് ചെയ്തെന്നു പറഞ്ഞ് കളിയിൽ നിന്ന് പുറത്താക്കപ്പെട്ടതിനെ കുറിച്ച് അദ്ദേഹം പറഞ്ഞു. അത് ചതിയാണ് ബോബി, ഞാൻ ഇന്നസന്റായിരുന്നു. എന്റെ കാൽനഖം പഴുത്ത് കളിക്കാൻ പറ്റാതെ ഇരിക്കുമ്പോൾ താനറിയാതെ ബാൻഡ് ചെയ്ത മരുന്ന് നൽകി ഒറ്റിക്കൊടുക്കുകയായിരുന്നെന്ന് പറഞ്ഞ് അദ്ദേഹം പൊട്ടിക്കരഞ്ഞു.”
തന്റെ സുഹൃത്തിനെ അവസാനമായി ഒന്നു കാണാൻ ഉള്ള ശ്രമത്തിലാണ് ബോബി ചെമ്മണ്ണൂർ ഇപ്പോൾ. എംബസി വഴി സ്പെഷൽ പെർമിഷൻ എടുത്ത് പോവാൻ ശ്രമിക്കുകയാണെന്നും നടക്കുമോ എന്നറിയില്ലെന്നും ബോബി ചെമ്മണ്ണൂർ പ്രതികരിച്ചു.
Read more: അദ്ദേഹം ചതിച്ചു, ദൈവത്തിന്റെ കൈയ്ക്ക് മാപ്പില്ല; മറഡോണയുടെ ഓർമകളിൽ പീറ്റർ ഷിൽട്ടൺ