മലപ്പുറം: 22 പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ടപകടത്തില്‍ ബോട്ട് ഓടിച്ചിരുന്ന സ്രാങ്ക് ദിനേശന്‍ അറസ്റ്റില്‍. താനൂരില്‍ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം അഞ്ചായി. ബോട്ടുടമ നാസര്‍, രക്ഷപ്പെടാന്‍ സഹായിച്ച സഹോദരന്‍ സലാം, മറ്റൊരു സഹോദരന്റെ മകന്‍ വാഹിദ്, സുഹൃത്ത് മുഹമ്മദ് ഷാഫി എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
സ്രാങ്ക് ദിനേശന്‍ അറസ്റ്റിലായതോടെ ബോട്ടുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ക്ക് വ്യക്തത വരും. അകടത്തിലേക്ക് നയിച്ച കാരണങ്ങള്‍, ബോട്ടിന് സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നോ് എത്ര ആളുകള്‍ ഉണ്ടായിരുന്നു തുടങ്ങിയ പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ലഭിച്ചേക്കും.
കേസിലെ മുഖ്യപ്രതി ബോട്ടുടമ നാസറിനെ ചൊവ്വാഴ്ച 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് തിരൂര്‍ സബ്ജയിലിലേക്ക് മാറ്റിയിരുന്നു. ഇയാള്‍ക്കെതിരേ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ ജയിലിലേക്ക് കൊണ്ടുപോകാന്‍ കോടതി വളപ്പില്‍നിന്ന് പുറത്തേക്കുവന്ന പൊലീസ് വാഹനം നാട്ടുകാര്‍ തടഞ്ഞിരുന്നു.
അതേസമയം അപകടസ്ഥലത്ത് ബുധനാഴ്ചയും തിരച്ചില്‍ തുടരും. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. ഇതുവരെ ആരേയും കാണാതായതായ പരാതികളൊന്നും തന്നെ പോലീസ് സ്റ്റേഷനില്‍ ലഭിച്ചിട്ടില്ലെങ്കിലും ഇതരസംസ്ഥാന തൊഴിലാളികളോ മറ്റോ അപകടത്തില്‍ പെട്ടിട്ടുണ്ടോ എന്ന് കൂടി പരിശോധിക്കാന്‍ വേണ്ടിയാണ് ഇന്നും തിരച്ചില്‍ തുടരുന്നത്.
അപകടത്തില്‍ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് സുജിത്ത് ദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. കൊണ്ടോട്ടി എ എസ് പി വിജയ് ഭാരത്, താനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ജീവന്‍ ജോര്‍ജ് എന്നിവരും സംഘത്തിലുണ്ട്. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.