തിരുവനന്തപുരം: ഡീസൽ വില വർധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ മുതൽ യന്ത്രവത്കൃത ബോട്ടുകള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. ബോട്ട് ഓണേഴ്സ് അസോസിയേഷന്റെയും വിവിധ മൽസ്യ തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്. സംസ്ഥാനത്തെ മുഴുവൻ ഹാർബറുകളും നാളെ മുതൽ സ്തംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കടലിൽ മൽസ്യ ബന്ധനം നടത്തി കൊണ്ടിരിക്കുന്ന മുഴുവൻ യന്ത്രവത്കൃത ബോട്ടുകളും ഇന്ന് വൈകിട്ടോടെ തീരത്തെത്തിക്കണമെന്ന് ബോട്ട് ഓണേഴ്സ് അസോസിയേഷന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. നീണ്ടകരയടക്കം ഹാർബറുകളുടെ പ്രവര്‍ത്തനം പൂർണമായും സ്തംഭിക്കുമെന്ന് ബോട്ട് ഓണേഴ്സ് അസോസിയേഷൻ അറിയിച്ചു.
ഡീസൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ മൽസ്യ ബന്ധന യാനങ്ങൾക്ക് ഡീസൽ സബ്‍സിഡി ഏർപ്പെടുത്തുക, ചെറു മൽസ്യങ്ങളെ പിടിക്കുന്നതിന്റെ പേരിൽ ചുമത്തുന്ന അമിതമായ പിഴ ഒഴിവാക്കുക തുടങ്ങി ഏഴോളം ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്.