കൊച്ചി: കൊച്ചിയിൽ മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് അപകടം. രണ്ടു മൽസ്യ തൊഴിലാളികൾ മരിച്ചു. ഒരാളെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മൂന്നുപേർക്ക് പരിക്കേറ്റു. തന്പിദുരൈ, രാഹുൽ എന്നിവരാണ് മരിച്ചത്. തന്പിദുരൈ കുളച്ചൽ സ്വദേശിയാണ്. രാഹുൽ അസം സ്വദേശിയാണ്. കാണാതായ അസം സ്വദേശിക്കായി തിരച്ചിൽ തുടരുകയാണ്.

ബോട്ടിലുണ്ടായിരുന്ന 14 മത്സ്യത്തൊഴിലാളികളിൽ 11 പേർ രക്ഷപ്പെട്ടു. പരുക്കേറ്റ മൂന്നു പേരെ ഫോർട്ട്കൊച്ചി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടു മണിക്ക് കൊച്ചി പുറം കടലിലായിരുന്നു അപകടം.

തോപ്പുംപടിയിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ കാർമൽ മാതാ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. പുതുവൈപ്പിനിൽ നിന്ന് 12 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത്.

നേവിയും കോസ്റ്റുഗാര്‍ഡും രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തെത്തിയിട്ടുണ്ട്. ബോട്ടില്‍ ഇടിച്ച കപ്പല്‍ ലൈറ്റുകള്‍ ഓഫാക്കി അപകടസ്ഥലത്തുനിന്ന് കടന്നുവെന്ന് പരുക്കേറ്റ മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. അതിനിടെ ബോട്ടില്‍ ഇടിച്ച കപ്പല്‍ കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തിയിട്ടുണ്ട്. പനാമയില്‍ റജിസ്റ്റര്‍ ചെയ്ത അംബര്‍ എന്ന ചരക്കുകപ്പലാണ് കണ്ടെത്തിയത്. അംബറിനെ നേവിയും തീരസംരക്ഷണ സേനയും ചേര്‍ന്ന് പിടിച്ചെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.