കണ്ണൂര്‍: മലബാറില്‍ ശക്തമായ മഴ തുടരുന്ന. കണ്ണൂരില്‍ പല താഴ്ന്ന പ്രദേശങ്ങളും വെളളത്തിനടിയിലായി. വെളളിയാഴ്ച്ച മുതല്‍ കനത്ത മഴയാണ് പെയ്യുന്നത്. സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. കണ്ണൂരില്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞ ദിവസം കണ്ണൂരിലെ തളാപ്പില്‍ യുവാവിന്റെ ബിഎംഡബ്ലു കാര്‍ വെളളക്കെട്ടില്‍ കുടുങ്ങി.
ബംഗളൂരുവില്‍ നിന്നും കണ്ണൂരിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിന്റെ കാറാണ് വെളളക്കെട്ടില്‍ കുടുങ്ങിയത്. വെളളം നിറഞ്ഞ് കാണാതിരുന്ന റോഡിന്റെ ഓവുചാലിന് അടുത്തുകൂടെ പോകുമ്പോള്‍ കുഴിയില്‍ വാഹനം കുടുങ്ങിപ്പോവുകയായിരുന്നു.
യുവാവ് വാഹനം മുമ്പോട്ട് എടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മഴ ശക്തമാവുകയും റോഡില്‍ വെളളം നിറയുകയും ചെയ്തു. അപ്പോഴേക്കും വാഹനത്തിന് അകത്തും വെളളം നിറഞ്ഞിരുന്നു. തുടര്‍ന്ന് യുവാവ് നാട്ടുകാരുടെ സഹായം തേടി. ഏറെ നേരത്തേ പരിശ്രമത്തിന് ഒടുവില്‍ ക്രെയിനിന്റെ സഹായത്തോടെ വണ്ടി വെളളക്കെട്ടില്‍ നിന്നും ഉയര്‍ത്തി മാറ്റുകയായിരുന്നു.
Read More: Kerala Weather Live: കലിതുള്ളി കാലവര്‍ഷം; കാസര്‍കോട് റെഡ് അലര്‍ട്ട്, കടല്‍ ക്ഷോഭം ശക്തം
വെളളം വണ്ടിയുടെ എഞ്ചിനിലും മറ്റും കയറിയത് കൊണ്ട് തന്നെ കാര്യമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും, ജൂലൈ 21ന് മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ജൂലൈ 22ന് കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും, ജൂലൈ 23ന് കണ്ണൂര്‍ എന്നി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതിതീവ്ര മഴ തുടര്‍ന്നാല്‍ ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം തുടങ്ങിയ സാധ്യതകള്‍ക്കുള്ള മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും ക്യാമ്പുകള്‍ തയാറാക്കുകയുള്പ്പെടയുള്ള മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും നിര്‍ദേശമുണ്ട്. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്ട്രോള് റൂമുകള്‍ ആരംഭിക്കുവാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.