തൃശ്ശൂർ: പാന്പാടി നെഹ്റു കോളേജിലെ രണ്ട് മുറികളിൽ നിന്ന് ഫോറൻസിക് സംഘം രക്തക്കറ കണ്ടെത്തി. ജിഷ്ണു പ്രണോയി മരിച്ചു കിടന്ന മുറിയിലും, വൈസ് പ്രിൻസിപ്പലിന്റെ മുറിയിലുമാണ് രക്തക്കറ കണ്ടെത്തിയത്. ഇതോടെ കോളേജ് അധികൃതരും മാനേജ്മെന്റും സംഭവത്തിൽ പ്രതിസ്ഥാനത്തായി. എന്നാൽ രക്തക്കറ ജിഷ്ണു പ്രണോയുടേത് തന്നെയാണോ എന്ന് വ്യക്തമായിട്ടില്ല.

ജിഷ്ണു പ്രണോയിയെ മർദ്ദിച്ചത് കോളേജിലെ ഇടിമുറിയെന്ന് പറയപ്പെടുന്ന വൈസ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നിന്നാണെന്ന് നേരത്തേ ആക്ഷേപമുയർന്നിരുന്നു. പിന്നീട് ഹോസ്റ്റൽ മുറിയോട് ചേർന്ന ശുചിമുറിയിലാണ് ജിഷ്ണുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് ജിഷ്ണുവിനെ എങ്ങോട്ടേയ്‌ക്കാണ് കൊണ്ടുപോയതെന്ന് ഇപ്പോഴും വ്യക്തമല്ല.

രക്തക്കറ ആരുടേതെന്ന് തിരിച്ചറിയുന്നതിന് കൂടുതൽ പരിശോധനകൾ ആവശ്യമാണ്. അതേസമയം കോളേജിൽ വിദ്യാർത്ഥിക്ക് മർദ്ദനമേറ്റിരുന്നുവെന്ന ആരോപണം ഇതോടെ കൂടുതൽ ശക്തമായി. നാളെ ക്ലാസുകൾ ആരംഭിക്കാനിരിക്കേയാണ് ഫോറൻസിക് സംഘം പരിശോധന നടത്തിയത്. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലോക്കൽ പൊലീസ് ആദ്യ നടത്തിയ പരിശോധനകൾ തൃപ്തികരമല്ലെന്ന ആക്ഷേപം ബന്ധുക്കൾ നേരത്തേ തന്നെ ഉയർത്തിയിരുന്നു.

നേരത്തേ കോപ്പിയടിച്ചെന്ന പരാതിയിൽ പരീക്ഷാ മുറിയിൽ നിന്നും അദ്ധ്യാപകൻ ഇറക്കിക്കൊണ്ടുപോയ ജിഷ്ണുവിനെ പിന്നീട് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്നുണ്ടായ പ്രതിഷേധങ്ങൾ കേരളത്തിലെ ക്യാപസുകളിൽ എല്ലാം അലയടിച്ചു. ഇതേ തുടർന്ന് ജിഷ്ണു പ്രണോയുടെ മരണവാർത്തയിൽ നിന്ന് ശ്രദ്ധ തിരിഞ്ഞെങ്കിലും ഈയടുത്ത് കൂടുതൽ പ്രതിഷേധമുയരുകയായിരുന്നു. ഇന്നലെയാണ് വൈസ് പ്രിൻസിപ്പലടക്കം അഞ്ച് കോളേജ് അധികൃതരെ പ്രതികളാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.