തിരുവനന്തപുരം: നെല്‍വയലും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ കൂടുതല്‍ ശക്തമായ ഭേദഗതികളുമായി നെല്‍വയല്‍തണ്ണീര്‍ത്തട സംരക്ഷണ(ഭേദഗതി) ഓര്‍ഡിനന്‍സ് വിജ്ഞാപനമായി. ഈ ഓര്‍ഡിനന്‍സ് നിലവില്‍ വരുന്നതോടെ 2008ലെ നെല്‍വയല്‍തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ മൂന്നു മുതല്‍ 16 വരെ വകുപ്പുകളിലെ പരാമര്‍ശങ്ങളുടെ ഭേദഗതികള്‍ക്ക് പ്രാബല്യമുണ്ടാകും.

നിലം നികത്തുമ്പോള്‍ സമീപപ്രദേശത്തെ നെല്‍വയലിലേക്കും നീര്‍ത്തടങ്ങളിലേക്കും ജല നിര്‍ഗമന ചാലുകളിലേക്കുമുള്ള നീരൊഴുക്ക് തടസപ്പെടുത്തുന്ന പ്രവൃത്തികള്‍ പുതിയ ഓര്‍ഡിനന്‍സ് പ്രകാരം നിയമവിരുദ്ധമാകും. നെല്‍വയല്‍ രൂപാന്തരപ്പെടുത്തുന്നതിന് അപേക്ഷ ലഭിക്കുമ്പോള്‍ രൂപാന്തരപ്പെടുത്തുന്ന നെല്‍വയലിനോട് ചേര്‍ന്നുകിടക്കുന്ന നെല്‍വയലുകളിലെ കൃഷിയെ എപ്രകാരം ബാധിക്കുമെന്ന റിപ്പോര്‍ട്ട് ബന്ധപ്പെട്ട അധികാരികള്‍ സംസ്ഥാന സമിതിക്ക് നല്‍കണം. ആ നെല്‍വയലുകളിലേക്ക് നീരൊഴുക്ക് ഉറപ്പുവരുത്താന്‍ എന്തു നടപടി സ്വീകരിക്കുമെന്നും സ്വീകരിക്കേണ്ട അനുയോജ്യമായ ജല സംരക്ഷണ നടപടികളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം.

ഈ നിയമത്തിലെ 12 (2) വകുപ്പിലെ (സി) ഖണ്ഡത്തിനു പകരം ഭേദഗതി ചെയ്തു ചേര്‍ത്തിരിക്കുന്ന ഖണ്ഡിക പ്രകാരം, വ്യവസ്ഥകള്‍ക്കു വിരുദ്ധമായി നെല്‍വയല്‍ രൂപാന്തരപ്പെടുത്താന്‍ ഉപയോഗിച്ച വാഹനങ്ങളോ യാനമോ ഉപകരണങ്ങളോ കളിമണ്ണ്, മണല്‍, മണ്ണ് എന്നിവയോ ജില്ലാ കലക്ടര്‍ക്ക് കണ്ടുകെട്ടാം.

നിയമപ്രകാരം വീട് നിര്‍മിക്കാനായി പരിവര്‍ത്തനപ്പെടുത്തുന്ന വയലിലോ തണ്ണീര്‍ത്തടത്തിലോ പാര്‍പ്പിട സമുച്ചയങ്ങളും ബഹുനിലകെട്ടിടങ്ങളും നിര്‍മിക്കുന്നതും നിര്‍മിച്ച വീടിന്റെ വിസ്തീര്‍ണം കാലക്രമേണ വര്‍ധിപ്പിക്കുന്നതും നിയമവിരുദ്ധമാണ്.

2017 ഡിസംബര്‍ 30ലെ അസാധാരണ ഗസറ്റില്‍ 2017ലെ കേരള നെല്‍വയല്‍തണ്ണീര്‍ത്തട സംരക്ഷണ(ഭേഗദതി) ഓര്‍ഡിനന്‍സ് വിജ്ഞാപനം പൂര്‍ണരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ