സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി നായ്ക്കട്ടിയില്‍ ജുമുഅ മസ്ജിദിന് സമീപത്തെ വീട്ടിനുള്ളിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു. എളവന നാസറിന്റെ ഭാര്യ അമലയും ഫര്‍ണീച്ചര്‍ ഷോപ്പുടമയായ ബെന്നിയുമാണ് മരിച്ചത്. ചിന്നിച്ചിതറിയ രൂപത്തിലാണ് മൃതദേഹം. ജുമുഅ കഴിഞ്ഞ ഉടനെയാണ് സ്‌ഫോടന ശബ്ദം കേട്ടതെന്ന് സമീപവാസികള്‍ പറയുന്നു. തോട്ടകെട്ടിവെച്ച് സ്വയം മരിച്ചതാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കൊല്ലപ്പെട്ട ബെന്നിയും അമലയും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. എന്നാല്‍, കഴിഞ്ഞ ആറ് മാസമായി അമല്‍ ബെന്നിയില്‍ നിന്ന് അകന്നു. എന്നാല്‍, ബെന്നി വീണ്ടും അമലിന്റെ വീട്ടിലെത്തി. ഇനി വീട്ടില്‍ വരരുതെന്ന് അമലിന്റെ ഭര്‍ത്താവ് നാസര്‍ താക്കീത് ചെയ്തു. എന്നാല്‍, നാസര്‍ ഉച്ചയ്ക്ക് പള്ളിയില്‍ പോയ സമയത്ത് ബെന്നി വീണ്ടുമെത്തി. ഈ സമയത്ത് മുറ്റത്തു കര്‍ണാടകക്കാരനായ തൊഴിലാളി വിറക് കീറുന്നുണ്ടായിരുന്നു. ഈ സമയത്ത് അമല്‍ വീടിനകത്ത് ഉണ്ടായിരുന്നു. ബെന്നിയും വീടിനുള്ളിലേക്ക് കയറി. ഉടനെ സ്‌ഫോടനം നടക്കുകയായിരുന്നു. ബെന്നി അമലിന്റെ വീട്ടിലേക്ക് എത്തിയപ്പോള്‍ അരയില്‍ സ്‌ഫോടക വസ്തു കെട്ടിയിരുന്നതായാണ് പൊലീസ് പറയുന്നത്.

കൊല്ലപ്പെട്ട ബെന്നിയുടെ ഫർണീച്ചർ വർക്‌ഷോപ്പിൽ നിന്ന് ജലാറ്റിൻ സ്റ്റിക്കും ഡിറ്റണേറ്ററും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബെന്നിയും അമലിന്റെ കുടുംബവും അടുപ്പത്തിലായിരുന്നു. നായ്ക്കട്ടിയിൽ കഴിഞ്ഞ 10 വർഷമായി അക്ഷയകേന്ദ്രം നടത്തി വരികയായിരുന്നു നാസറും ഭാര്യ അമലയും. മൂലങ്കാവ് സ്വദേശിയാണു ബെന്നി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.