എറണാകുളം: മലയാറ്റൂരില്‍ പാറമടയില്‍ സ്‌ഫോടനത്തെ തുടര്‍ന്ന് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു.സേലം സ്വദേശിയായ പെരിയണ്ണൻ (40), ചാമരാജ് നഗര്‍ സ്വദേശി ഡി നാഗ(36) എന്നിവരാണ് മരിച്ചത്. പാറമടയില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സ്‌ഫോടനം. പാറമടയ്ക്ക് സമീപമുള്ള കെട്ടിടത്തിലായിരുന്നു വെടിമരുന്ന് സൂക്ഷിച്ചിരുന്നത്. വെടിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടം പൂര്‍ണമായും നശിച്ചു.

Read More: മഹാരാഷ്ട്രയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ്‌ പത്ത് മരണം: നിരവധി പേര്‍ കുടുങ്ങി

പാറമടയോട് ചേര്‍ന്നുതന്നെ തൊഴിലാളികള്‍ക്ക് താമസിക്കാനും വിശ്രമിക്കുന്നതിനുമായി നിര്‍മിച്ചിരുന്ന കെട്ടിടത്തിലാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്നത്. മരിച്ച രണ്ടുപേരുടെയും മൃതദേഹം പുറത്തെടുത്തു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകട കാരണം എന്തെന്ന് വ്യക്തമല്ല. പോലീസും പഞ്ചായത്ത് അധികൃതരും ഇവിടേക്ക് എത്തിയിട്ടുണ്ട്.

ലോക്ക്ഡൗണിനെ തുടര്‍ന്ന് തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ സർക്കാർ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ പാറമട ഉടമകള്‍ തൊഴിലാളികളെ തിരിച്ച് വിളിച്ചു. പന്ത്രണ്ട് ദിവസം മുമ്പാണ് നാഗയും പെരിയണ്ണയും പാറമടയില്‍ ജോലിക്കെത്തിയത്. തുടര്‍ന്ന് വെടിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു രണ്ടുപേരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.