കൊച്ചി: കൊച്ചി കപ്പൽശാലയിൽ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന ഒഎൻജിസിയുടെ സാഗർഭൂഷൺ കപ്പലിൽ പൊട്ടിത്തെറി. അപകടത്തിൽ  അഞ്ച് പേർ മരിച്ചു. മരിച്ച 5 പേരും മലയാളികളാണ്. 7 പേർക്ക് പരുക്കേറ്റു.

തൃപ്പുണ്ണിത്തുറ ഏരൂർ സ്വദേശികളായ ഉണ്ണിക്കൃഷ്ണൻ, കണ്ണൻ, കോട്ടയം സ്വദേശി ഗവിൻ, വൈപ്പിൻ സ്വദേശി റംഷാദ്, തേവര സ്വദേശി കെ.ബി.ജയൻ എന്നിവരാണ് മരിച്ചത്.

ഒഎൻജിസിയുടെ കപ്പൽ സാഗർ ഭൂഷണിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്ന് രാവിലെ 11.30 യോടെയായിരുന്നു അപകടം. ശിവരാത്രി പ്രമാണിച്ച് ഇന്ന് കപ്പൽശാലയ്ക്ക് അവധിയായിരുന്നു. അറ്റകുറ്റപ്പണികൾ മാത്രമാണ് ഇന്ന് ഇവിടെ നടക്കുന്നത്. അപകടത്തിൽ പെട്ട എല്ലാവരും കരാർ തൊഴിലാളികളാണ്. വാതക ചോർച്ചയാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കപ്പലിലെ സ്റ്റീൽ ബല്ലാസ്റ്റ് ടാങ്കറിനുളളിലായിരുന്നു പൊട്ടിത്തെറി.  ഈ ഭാഗത്തുണ്ടായിരുന്ന തൊഴിലാളികൾക്ക് സ്ഫോടനത്തിൽ ഗുരുതരമായി പൊളളലേറ്റു. കപ്പലിന് അകത്തുണ്ടായിരുന്ന മറ്റ് തൊഴിലാളികൾക്ക് പുക ശ്വസിച്ചാണ് അസ്വസ്ഥത ഉണ്ടായത്. കപ്പൽശാലയിലെ ജീവനക്കാരും അഗ്നിശമന സേനാ വിഭാഗവുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

പൊട്ടിത്തെറിയില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷംവീതം അടിയന്തര സഹായം നല്‍കുമെന്ന് കൊച്ചി കപ്പല്‍ശാല അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെപ്പറ്റി കപ്പല്‍ശാല ആഭ്യന്തര അന്വേഷണം നടത്തും. ഇതിനായി അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ട്. ഫാക്ടറീസ് ആന്‍ഡ് ബോയ്‌ലേഴ്‌സ് വകുപ്പും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങും അന്വേഷണം നടത്തുമെന്നും കപ്പല്‍ശാലാ ചെയര്‍മാന്‍ മധു എസ് നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ