കണ്ണൂര്‍: നഗരത്തെ ഭീതിയിലാഴ്ത്തിയ ബ്ലാക്ക് മാന്‍ പിടിയില്‍. കണ്ണൂര്‍ നഗരത്തില്‍ പലയിടത്തായി നിരന്തരം മോഷണം നടത്തിയ തമിഴ്‌നാട് സ്വദേശിയാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി കണ്ണൂര്‍ സ്റ്റേഡിയം കോംപ്ലക്സിലെ ബിഗ്ബോസ് ടെയ്‌ലേഴ്സിന്റെ പൂട്ടുപൊളിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തമിഴ്നാട് തഞ്ചാവൂര്‍ പടുക്കോട്ടെ മധുകൂറിലെ രാജപ്പന്‍ (33) അറസ്റ്റിലാകുന്നത്.

എന്നാല്‍ ബ്ലാക്ക് മാന്‍ എന്ന പേരില്‍ നഗരത്തെ വിറപ്പിച്ച മോഷ്ടാവ് അറസ്റ്റിലായത് ചിരിപ്പിച്ചു കൊണ്ടായിരുന്നു. അറസ്റ്റിന് ശേഷം പൊലീസ് വാഹനത്തില്‍ കോടതിയിലേക്ക് കൊണ്ടുവരുമ്പോള്‍ ആളുകളില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും മുഖം മറയ്ക്കുന്നതിനിടെയാണ് രസകരമായ സംഭവം അരങ്ങേറിയത്. മുഖം മറയ്ക്കാനായി രാജപ്പന്‍ ഉപയോഗിച്ചത് സ്വന്തം ഫോട്ടോയും അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്തയുമടങ്ങിയ പത്രമായിരുന്നു.

കണ്ണൂരിലും വയനാട്ടിലും താമസിച്ചാണ് ഇയാള്‍ മോഷണങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്. ഇയാള്‍ നഗരത്തിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. അതേസമയം, ഒപ്പമുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍നിന്ന് സ്‌ക്രൂഡ്രൈവര്‍, ഹാക്സോ ബ്ലേഡുകള്‍, കട്ടിങ്ങ് പ്ലെയറുകള്‍ തുടങ്ങിയവ കണ്ടെത്തി.

നാലുമാസം മുമ്പ് ആഡൂര്‍ പാലത്തെ ഹനീഫയുടെ വീട് കുത്തിത്തുറന്ന് നാലുപവന്റെ മാല ഇയാള്‍ കവര്‍ന്നിരുന്നു. തൊട്ടടുത്ത ദിവസം മറ്റൊരു വീട്ടില്‍ കയറി ഒന്നരപ്പവന്‍ മാലയും മോഷ്ടിച്ചിരുന്നു.

ഇയാളുടെ പേരില്‍ സേലത്ത് അന്‍പതിലേറെയും തലശേരിയില്‍ ഇരുപതോളവും കേസുകളുണ്ട്. 2008 ല്‍ അറസ്റ്റിലായ ഇയാള്‍ ശിക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം വീണ്ടും മോഷണം ആരംഭിക്കുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ