കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിലായി. പാലക്കാട് സ്വദേശിയായ ഷെരീഫിനെ ഇന്നു പുലർച്ചെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. കൊച്ചിയിലെത്തിച്ച ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

ഷംന കാസിം നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസില മുഴുവൻ പ്രതികളും പിടിയിലായെന്ന് കേസന്വേഷണ ചുമതലയുളള ഡിസിപി പൂങ്കുഴലി പറഞ്ഞു. മറ്റു യുവതികൾ നൽകിയ പരാതികളിൽ അന്വേഷണം നടക്കുകയാണെന്നും അവർ വ്യക്തമാക്കി.

Read Also: ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്‍ത കേസ്: പരാതിയുമായി കൂടുതൽ​ പേർ

ഷംന കാസിം പരാതി നൽകിയതിനു പിന്നാലെ നിരവധി യുവതികൾ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. ഷംന കാസിമിന്റെ കേസിലും മറ്റ് യുവതികളില്‍നിന്ന് പണം തട്ടിയെടുത്ത കേസുകളിലും പിടിയിലായ സംഘത്തിന്റെ തലവന്‍ ഷെരീഫെന്നാണ് പൊലീസ് സംശയിക്കുന്നത്. സിനിമയിലും സീരിയയിലും അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞാണ് സംഘം മോഡലുകളടക്കമുളള യുവതികളെ വലയിൽ വീഴ്ത്തിയത്. പിന്നീട് ഇവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. കേസിൽ സിനിമാമേഖലയിലും സീരിയൽ മേഖലയിലും ഉള്ളവർക്ക് പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

നേരത്തെ, ഷംനയുടെ അമ്മ നൽകിയ പരാതിയിൽ പൊലീസ് നാലു പ്രതികളെ പിടികൂടിയിരുന്നു. തൃശൂർ സ്വദേശികളായ ശരത്, അ‌ഷറഫ്, റഫീക്ക്, രമേശ് എന്നിവരാണ് പിടിയിലായത്. വീട്ടിലെത്തിയ സംഘം ഷംനയുടെ വീടും പരിസരവും വീഡിയോയിൽ പകർത്തുകയും ഒരു ലക്ഷം രൂപ നൽകിയില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. വിവാഹ ആലോചനയുമായി വന്നവരാണ് പിന്നീട് പണം ചോദിച്ച് ഭീഷണിപ്പെടുത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.