കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ അന്വേഷണം തുടരുന്നു. ഡിസിപി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിൽ അഞ്ച് സംഘമായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. കേസിൽ നിലവിൽ നാല് പേരാണ് അറസ്റ്റിലായിട്ടുള്ളത്. കൂടുതൽ പേർ‍ ഇനിയും പിടിയിലാകാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രതികൾക്കെതിരെ മനുഷ്യക്കടത്ത് കുറ്റവും ചുമത്തിയിട്ടുണ്ട്.

പ്രതികളിൽ ഒരാൾക്ക് സിനിമ മേഖലയുമായി ബന്ധമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യം പ്രത്യേകം അന്വേഷിക്കുന്നുണ്ട്. സിനിമ മേഖലയുമായി ബന്ധപ്പെട്ടവർ ഇതിനു പിന്നിലുണ്ടെങ്കിൽ അക്കാര്യം പുറത്തുകൊണ്ടുവരുമെന്ന് ഐജി വിജയ് സാഖറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഷംനയ്‌ക്കു പുറമേ ബ്ലാക്‌മെയിലിങ്ങിനു ഇരയായ മറ്റ് മൂന്ന് യുവതികളുടെ പരാതിയിലും അന്വേഷണം നടക്കും.

ഷംന ഇപ്പോൾ ഹെെദരാബാദിലാണുള്ളത്. ഷംന നാട്ടിലെത്തിയാൽ ഉടൻ പൊലീസ് മൊഴി രേഖപ്പെടുത്തും. സ്വർണ കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Read Also: Horoscope Today June 26, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

നേരത്തെ, ഷംനയുടെ അമ്മ നൽകിയ പരാതിയിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. തൃശൂർ സ്വദേശികളായ ശരത്, അ‌ഷറഫ്, റഫീക്ക്, രമേശ് എന്നിവരാണ് പിടിയിലായത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അ‌റിയിച്ചു. വീട്ടിലെത്തിയ സംഘം ഷംനയുടെ വീടും പരിസരവും വീഡിയോയിൽ പകർത്തുകയും ഒരു ലക്ഷം രൂപ നൽകിയില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. വിവാഹ ആലോചനയുമായി വന്നവരാണ് പിന്നീട് പണം ചോദിച്ച് ഭീഷണിപ്പെടുത്തിയതെന്ന് ഷംന പറയുന്നു.

“ഒരു വിവാഹ ആലോചനയുമായി എത്തിയവരാണ്. ഒരാഴ്ച കൊണ്ട് വീട്ടുകാരുമായി സംസാരിച്ച് അടുത്തു. കോവിഡ് കാലമായതിനാൽ നേരിട്ട് പോയി അന്വേഷിച്ചിരുന്നില്ല. പയ്യനോട് ഞാനും ഒന്നു രണ്ടു തവണ ഫോണിൽ സംസാരിച്ചിരുന്നു. ഒരു ദിവസം ഫോണിൽ വിളിച്ച് ഒരാൾ വരും, കുറച്ച് പണം കൊടുത്തുവിടാമോ എന്നു ചോദിച്ചപ്പോഴാണ് എനിക്ക് സംശയം തോന്നിയത്. ഒരു ലക്ഷം രൂപ കൊടുക്കാമോ എന്നു ചോദിച്ചു. സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായത്,” ഷംന കാസിം കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.