കോഴിക്കോട്: വിവാഹം നടക്കാന്‍ മന്ത്രവാദത്തിന്റെ വഴിതേടിയ യുവതി പൊളളലേറ്റ് മരിച്ചു.  കോഴിക്കോട് വെള്ളയില്‍ പുതിയ കടവില്‍ ലൈലാ മന്‍സിലില്‍ ഷമീന(29)യാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മൃതദേഹം പിന്നീട് കോഴിക്കോട് ഗവ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്യാനായി മാറ്റി.
 
സംഭവത്തില്‍ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്ത മന്ത്രവാദിനി കുറ്റ്യാടി അടുക്കത്ത് കൂവോട്ട് പൊയ്യില്‍ നജ്‌മ(35) യെ നാദാപുരം മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയതു. ശനിയാഴ്ച പുറമേരിയിലെ മന്ത്രവാദിനിയുടെ വാടകവീട്ടിലായിരുന്നു സംഭവം നടന്നത്. കൊലപാതക ശ്രമം, ബോധപൂര്‍വം പരുക്കേല്‍പ്പിക്കല്‍, തെളിവുകള്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണു കേസ്.

തീപിടുത്തമുണ്ടായ മുറി, യുവതിയെ ആശുപത്രിയില്‍ കൊണ്ടുപോയശേഷം കഴുകി വൃത്തിയാക്കി. ചുമരുകള്‍ വൈറ്റ് വാഷ് ചെയ്തതായും പോലീസ് പറഞ്ഞു. പ്രതിയെ ഇന്നലെ സംഭവം നടന്ന വീട്ടില്‍ കൊണ്ടുപോയി പോലീസ് തെളിവെടുത്തു. തുടര്‍ന്ന് കോഴിക്കോട് ജില്ലാ ജയിലിലേക്കു മാറ്റി. മന്ത്രവാദത്തിനുപയോഗിച്ച പൂജാ സാധനങ്ങള്‍, യുവതിയെ ഇരുത്തിയ കത്തിയ കസേര, കത്തിയ വസ്ത്രങ്ങളുടെ അവശിഷ്ടങ്ങള്‍ തുടങ്ങിയവ മന്ത്രവാദിനിയുടെ വീട്ടില്‍നിന്നു പോലീസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട് പുറമേരിയിലാണ് സംഭവം. വാക്കുകള്‍ എഴുതിയ കോഴിമുട്ട മണ്‍പാത്രത്തില്‍ വച്ച് മന്ത്രവാദിനി പെട്രോള്‍ ഒഴിച്ച് തീവയ്ക്കുകയായിരുന്നു. ഇത് പൊട്ടിത്തെറിച്ചതിൽ നിന്നാണു യുവതിയുടെ ശരീരത്തില്‍ തീപടര്‍ന്നതെന്ന് പൊലീസ് പറയുന്നു. യുവതിയുടെ ശരീരമാസകലം പൊള്ളലേറ്റു. നജ്മ താമസിക്കുന്ന പുറമേരി ഹോമിയോ മുക്കിനു സമീപം മാളുമുക്ക് ചുങ്ക്യം കൊയിലോത്തെ വാടക വീട്ടിലായിരുന്നു സംഭവം.

വീട്ടുകാര്‍ക്കൊപ്പം ശനിയാഴ്ച ഉച്ചയ്ക്കു രണ്ടോടെയാണു യുവതി മന്ത്രവാദിനിയുടെ അടുത്തെത്തിയത്. മന്ത്രവാദിനി ഇവര്‍ക്കു മണ്ണെണ്ണ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കുറിച്ചുനല്‍കി. മറ്റു സാധനങ്ങള്‍ വാങ്ങിയെങ്കിലും മണ്ണെണ്ണ കിട്ടിയില്ല. തുടര്‍ന്നു പെട്രോള്‍ വാങ്ങിവരാന്‍ മന്ത്രവാദിനി നിര്‍ദേശിക്കുകയായിരുന്നു.

മന്ത്രവാദിനിയുടെ വാടകവീടിനകത്ത് ഇടുങ്ങിയ ഇരുട്ടുമുറിയില്‍ ഷമീനയെ പ്ലാസ്റ്റിക് കസേരയിലിരുത്തിയായിരുന്നു ‘ചികിത്സ’. മുന്‍വശത്ത് വാക്കുകള്‍ എഴുതിയ കോഴിമുട്ട മണ്‍പാത്രത്തില്‍ വച്ച് പെട്രോള്‍ ഒഴിച്ച് തീവച്ചു. മണ്‍ചട്ടിയില്‍നിന്നു സ്‌ഫോടനത്തോടെ യുവതിയുടെ ദേഹത്തേക്കും തീ ആളിപ്പടര്‍ന്നു. ഒപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ യുവതിയെ നാദാപുരം താലുക്ക് ആശുപത്രിയിലും തുടര്‍ന്നു കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു

സംഭവത്തിന് ശേഷം നാദാപുരം പൊലീസ് മന്ത്രവാദം നടന്ന വീട് പൂട്ടി സീല്‍ ചെയ്തു. ഇവിടെ ഫോറന്‍സിക് വിദഗ്‌ദ്ധർ പരിശോധന നടത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ