scorecardresearch

വിവാഹം നടക്കാന്‍ മന്ത്രവാദം: യുവതി പൊളളലേറ്റ് ഗുരുതരാവസ്ഥയില്‍

കോഴിക്കോട് ജില്ലയിലെ പുറമേരയിലാണ് സംഭവം മന്ത്രവാദം നടത്തിയ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. വീട് സീൽ ചെയ്തു.

വിവാഹം നടക്കാന്‍ മന്ത്രവാദം: യുവതി പൊളളലേറ്റ് ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: വിവാഹം നടക്കാന്‍ മന്ത്രവാദത്തിന്റെ വഴിതേടിയ യുവതി പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയില്‍. മന്ത്രവാദിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് പുറമേരിയില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.

കോഴിക്കോട് വെള്ളയില്‍ പുതിയ കടവില്‍ ലൈലാ മന്‍സിലില്‍ ഷമീന(29)യ്ക്കാണു സാരമായി പൊള്ളലേറ്റത്. യുവതി കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മന്ത്രവാദിനി കുറ്റ്യാടി അടുക്കത്ത് കൂവോട്ട് പൊയ്യില്‍ നജ്‌മ(35)യെ നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തു.

വാക്കുകള്‍ എഴുതിയ കോഴിമുട്ട മണ്‍പാത്രത്തില്‍ വച്ച് മന്ത്രവാദിനി പെട്രോള്‍ ഒഴിച്ച് തീവയ്ക്കുകയായിരുന്നു. ഇത് പൊട്ടിത്തെറിച്ചതിൽ നിന്നാണു യുവതിയുടെ ശരീരത്തില്‍ തീപടര്‍ന്നതെന്ന് പൊലീസ് പറയുന്നു. യുവതിയുടെ ശരീരമാസകലം പൊള്ളലേറ്റു. നജ്മ താമസിക്കുന്ന പുറമേരി ഹോമിയോ മുക്കിനു സമീപം മാളുമുക്ക് ചുങ്ക്യം കൊയിലോത്തെ വാടക വീട്ടിലായിരുന്നു സംഭവം.

വീട്ടുകാര്‍ക്കൊപ്പം ശനിയാഴ്ച ഉച്ചയ്ക്കു രണ്ടോടെയാണു യുവതി മന്ത്രവാദിനിയുടെ അടുത്തെത്തിയത്. മന്ത്രവാദിനി ഇവര്‍ക്കു ചികിത്സയ്ക്കാവശ്യമായ മണ്ണെണ്ണ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കുറിച്ചുനല്‍കി. മറ്റു സാധനങ്ങള്‍ വാങ്ങിയെങ്കിലും മണ്ണെണ്ണ കിട്ടിയില്ല. തുടര്‍ന്നു പെട്രോള്‍ വാങ്ങിവരാന്‍ മന്ത്രവാദിനി നിര്‍ദേശിക്കുകയായിരുന്നു.

മന്ത്രവാദിനിയുടെ വാടകവീടിനകത്ത് ഇടുങ്ങിയ ഇരുട്ടുമുറിയില്‍ ഷമീനയെ പ്ലാസ്റ്റിക് കസേരയിലിരുത്തിയായിരുന്നു ‘ചികിത്സ’. മുന്‍വശത്ത് വാക്കുകള്‍ എഴുതിയ കോഴിമുട്ട മണ്‍പാത്രത്തില്‍ വച്ച് പെട്രോള്‍ ഒഴിച്ച് തീവച്ചു. മണ്‍ചട്ടിയില്‍നിന്നു സ്‌ഫോടനത്തോടെ യുവതിയുടെ ദേഹത്തേക്കും തീ ആളിപ്പടര്‍ന്നു. ഒപ്പമുണ്ടായിരുന്ന ബന്ധുക്കള്‍ യുവതിയെ നാദാപുരം താലുക്ക് ആശുപത്രിയിലും തുടര്‍ന്നു കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു

സംഭവത്തില്‍ കേസെടുത്ത നാദാപുരം പൊലീസ് മന്ത്രവാദം നടന്ന വീട് പൂട്ടി സീല്‍ ചെയ്തു. ഇവിടെ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Black magic for early marriage women suffers burn injuries