തിരുവനന്തപുരം: മഹാരാഷ്ട്രയിലും ഗുജറാത്തിലും മറ്റും കാണുന്ന പ്രത്യേക ഫംഗല്‍ ഇന്‍ഫെക്ഷന്‍ അപൂര്‍വമായി കേരളത്തിലും ദൃശ്യമായിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് വരുന്നതിന് മുന്‍പും ഇത്തരത്തിലുള്ള ഇന്‍ഫെക്ഷന്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് സാമ്പിളും മറ്റും എടുത്തു കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. മെഡിക്കല്‍ കോളേജുകളിലെ ഇന്‍ഫെക്ഷന്‍ ഡിസീസ് ഡിപ്പാര്‍ട്ട്‌മെന്റും ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
18-44 വയസ് വിഭാഗത്തിലുള്ളവരുടെ കോവിഡ് വാക്‌സിനേഷനു രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. മറ്റു ഗുരുതരമായ രോഗാവസ്ഥയുള്ളവര്‍ക്കായിരിക്കും മുന്‍ഗണന. ഹൃദയ സംബന്ധമായ രോഗങ്ങള്‍, സങ്കീര്‍ണമായ രക്താതി സമ്മര്‍ദം, പ്രമേഹം, ലിവര്‍ സീറോസിസ്, അര്‍ബുദം, സിക്കിള്‍ സെല്‍ അനീമിയ, എച്ച്‌ഐവി ഇന്‍ഫെക്ഷന്‍ തുടങ്ങിയ രോഗാവസ്ഥയുള്ളവര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, ഡയാലിസിസ് ചെയ്യുന്നവര്‍, ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെ ഏകദേശം 20 വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കാണ് മുന്‍ഗണന. ഈ വിഭാഗങ്ങളില്‍ പെടുന്നവര്‍ എത്രയും പെട്ടെന്ന് രജിസ്‌ട്രേഷന്‍ ചെയ്ത്, വാക്‌സിന്‍ അനുവദിക്കുന്ന മുറയ്ക്ക് സ്വീകരിക്കാന്‍ തയാറാകണം.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശ പ്രകാരം 12 ആഴ്ച കഴിഞ്ഞാല്‍ മാത്രമേ കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് ലഭ്യമാവുകയുള്ളു. സോഫ്റ്റ്വെയറിൽ രണ്ടാമത്തെ ഡോസ് എന്റര്‍ ചെയ്യാന്‍ അത്രയും ദിവസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ സാധിക്കൂ. എങ്കില്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. വിദേശങ്ങളിലേയ്ക്കു മറ്റും തിരിച്ചുപോകേണ്ടവര്‍ക്ക് ഇതു കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് ഭേദഗതിക്ക് കേന്ദ്രത്തോട് ആവശ്യപ്പെടും. വാക്‌സിന്‍ വിതരണം കൈകാര്യം ചെയ്യാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറിലും അതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തേണ്ടി വരും. അക്കാര്യങ്ങള്‍ കേന്ദ്രസര്‍ക്കരാണ് തീരുമാനിക്കേണ്ടത്.
Read Also: അതിതീവ്ര മഴ: വലിയ പ്രളയ ഭീതിയുടെ സാഹചര്യമില്ലെന്നു മുഖ്യമന്ത്രി
കോവിഡ് രണ്ട്, മൂന്ന് തരംഗങ്ങള്‍ കുട്ടികളെ കാര്യമായി ബാധിച്ചിട്ടില്ല. എന്നാല്‍ കുട്ടികള്‍ രോഗവാഹകരായേക്കാമെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികള്‍ക്കും രോഗം വരാം. പക്ഷെ ലഘുവായ രോഗലക്ഷണങ്ങളോടെ വന്നുപോകും. കുട്ടികളുടെ കാര്യത്തില്‍ അമിതമായ ഭീതി പരത്തരുത്. അതേസമയം, മുതിര്‍ന്നവരുമായി ഇടപെടല്‍ കുറയ്ക്കുക, മാസ്‌ക് കൃത്യമായി ഉപയോഗിക്കുക എന്നീ കാര്യങ്ങള്‍ കൃത്യമായി പാലിക്കണം.
പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ആയുര്‍വേദ, ഹോമിയോ മരുന്നുകള്‍ ഫലപ്രദമാണെന്ന് കഴിഞ്ഞ കാലങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. കുട്ടികള്‍ക്കും അതു നല്‍കാവുന്നതാണ്. അതിനുള്ള നടപടികളെടുക്കാന്‍ ആരോഗ്യ വകുപ്പിനു നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.