കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്. ഇന്ന് എറണാകുളത്ത് കാക്കനാട്, കളമശേരി, ആലുവ എന്നിവിടങ്ങളില്‍ വിവിധ പരിപാടികള്‍ക്കെത്തിയതായിരുന്നു മുഖ്യമന്ത്രി. മൂന്നിടത്തും കരിങ്കൊടിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
കാക്കനാടായിരുന്നു മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ചാടി വീണത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വാഹനം നിര്‍ത്തേണ്ടതായി വന്നു. കാറില്‍ മുഖ്യമന്ത്രി ഇരുന്നിരുന്ന ഭാഗത്തെ ചില്ലില്‍ ഇടിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പ്രതിഷേധം. സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നായിരുന്നു ആവശ്യം.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനം അറിഞ്ഞ് രാവിലെ തന്നെ കരിങ്കൊടിയുമായി പ്രവര്‍ത്തര്‍ എത്തിയിരുന്നു. എന്നാല്‍ പൊലീസ് ഇവരെ സ്ഥലത്ത് നിന്ന് നീക്കം ചെയ്തു. പൊലീസിന് പിടി നല്‍കാതിരുന്ന പ്രവര്‍ത്തകനാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടി വീണതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
അക്രമാസക്തനായ ഇയാളെ പൊലീസ് വളഞ്ഞിട്ട് പിടിച്ചാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ സമീപത്ത് നിന്ന് മാറ്റിയത്. പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തു നീക്കി. കളമശേരിയിലും കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം തുടരുന്നുണ്ടെങ്കിലും ഇത് ആദ്യമായാണ് വാഹനം നിര്‍ത്തേണ്ടതായി വന്നത്.
ഇന്നലെ തൃശൂരിലും മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായി. കേച്ചേരിക്ക് സമീപമായിരുന്നു സംഭവം. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുമെന്ന ഭീതിയെ തുടര്‍ന്ന് പൊലീസ് കുന്നംകുളത്ത് കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയിരുന്നു.
അതേസമയം, മുഖ്യമന്ത്രി എവിടെ സഞ്ചരിച്ചാലും ആക്രമിക്കാന്‍ ശ്രമിക്കുക എന്നത് കോണ്‍ഗ്രസ് അജണ്ടയാക്കി മാറ്റിയിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു. റോഡ് മാര്‍ഗം സഞ്ചരിച്ചാലും വിമാന മാര്‍ഗം സഞ്ചരിച്ചാലും ഇത്തരത്തിലുള്ള പരാക്രമണങ്ങളാണ് കോൺഗ്രസ് നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.