തിരുവനന്തപുരം: പ്രമുഖ സംഗീതജ്ഞൻ ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസിന് കെഎസ്ആർടിസി ഡ്രൈവർ സി.അജിയുടെ നിർണ്ണായക മൊഴി. അപകടം നടന്ന സമയത്ത് ബാലഭാസ്‌കറിന്റെ കാറിന്റെ തൊട്ടുപിന്നിലുണ്ടായിരുന്ന കെഎസ്ആർടിസി ബസിന്റെ ഡ്രൈവറായിരുന്നു പൊന്നാനി സ്വദേശിയായ അജി.
അപകടസ്ഥലത്ത് ആദ്യമെത്തി രക്ഷാപ്രവർത്തനം നടത്തിയത് അജിയായിരുന്നു. കാർ ഓടിച്ചിരുന്നത് ബാലഭാസ്‌കർ തന്നെയാണെന്ന് ഇദ്ദേഹവും സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തനം നടത്തുന്ന സമയത്ത് ബാലഭാസ്‌കറിന് ബോധം ഉണ്ടായിരുന്നുവെന്നും നിസ്സഹായനായി നോക്കിയിരുന്നുവെന്നും അജിയുടെ മൊഴിയിൽ പറയുന്നു.
“ആറ്റിങ്ങൽ മുതൽ ബാലഭാസ്കറിന്റെ കാർ ബസിന്റെ മുൻപിലുണ്ടായിരുന്നു. പള്ളിപ്പുറം സിഗ്നൽ കഴിഞ്ഞുളള വളവ് കഴിഞ്ഞപ്പോൾ കാർ അമിത വേഗത്തിലായി. ഉടൻ തന്നെ നിയന്ത്രണംവിട്ട് റോഡരികിലെ മരത്തിൽ ഇടിച്ചു. ബസ് റോഡരികിൽ ഒതുക്കി വേഗം തന്നെ കാറിനടുത്തേക്ക് ഓടി. മുൻപിൽ ഡ്രൈവർ സീറ്റിലായിരുന്ന ബാലഭാസ്കർ ഡോർ തുറക്കാൻ ആവശ്യപ്പെടുന്നതുപോലെ തലയനക്കി” അജിയുടെ മൊഴി ഇങ്ങിനെ.
“ഗിയർ ലിവറിനടിയിലായിട്ടായിരുന്നു ബാലഭാസ്‌കറിന്റെ കുഞ്ഞ് തേജസ്വിനി കിടന്നിരുന്നത്. കാറിന്റെ ചില്ല് പൊട്ടിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഈ സമയത്ത് സീറ്റിൽ ഗുരുതരമായ പരുക്കുകളോടെ ചുരുണ്ടുകിടക്കുകയായിരുന്നു ലക്ഷ്മി. ”
“ഓടിക്കൂടിയവർ രക്ഷാപ്രവർത്തനം നടത്തുന്നത്, മുൻ സീറ്റിൽ നിസ്സഹായനായി ഇരുന്നു നോക്കുന്നുണ്ടായിരുന്നു ബാലഭാസ്കർ. അപ്പോഴും അദ്ദേഹത്തിനു ബോധം മറഞ്ഞിട്ടുണ്ടായിരുന്നില്ല,” അജി പറഞ്ഞു.