മലപ്പുറം: കേരളത്തിൽ വോട്ട് വളർച്ചയുടെ പാതയിലായിരുന്നു എന്ന് വിശ്വസിച്ച ബി ജെ പിക്ക് അപ്രതീക്ഷിതമായ തിരിച്ചടിയാണ് മലപ്പുറം ലോകസഭയിലേയ്കുളള ഉപതിരഞ്ഞെടുപ്പ് ഫലം. കഴിഞ്ഞ കുറച്ചു കാലമായി വോട്ട് നേടലിൽ കേരളത്തിൽ മറ്റെല്ലായിടത്തുമെന്ന പോലെ മലപ്പുറത്തും കാര്യമായ മുന്നേറ്റം നടത്താൻ ബി ജെപിക്ക് സാധിച്ചിരുന്നു. ഇത്തവണ അത് ആറിരട്ടി വരെ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ വെറും 970 വോട്ടുകൾ മാത്രമാണ് കൂടുതൽ നേടാൻ സാധിച്ചത്. ,1,14,975 വോട്ടർമാർകൂടിയിട്ടും നിയമസഭ തിരഞ്ഞെടുപ്പിനേക്കാൾ 7,772 വോട്ടിന്റെ കുറവാണ് ലഭിച്ചത്

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി ജെ പി ഉണ്ടാക്കിയ മുന്നേറ്റം തുടരാനുളള ശ്രമം നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ടിരുന്നു. മലപ്പുറം ലോകസഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലത്തിൽ നിന്നും അവർ അന്ന് നേടിയത് 73,447 വോട്ടുകൾ സ്വന്തമാക്കിയിരുന്നു. ഇത് 2014 ൽ ലോകസഭ തിരഞ്ഞെടുപ്പിൽ നേടിയ 64,705 വോട്ടിനേക്കാൾ കൂടുതലായിരുന്നു. എന്നാൽ ആ നേട്ടമാണ് വോട്ടർമാരുടെ എണ്ണം വർധിച്ചിട്ടും ബി ജെ പിക്ക് ലഭിക്കാതെ പോയത്. കേന്ദ്ര ഭരണത്തിന്റെ പിൻബലവും യു പി തിരഞ്ഞെടുപ്പിലെ വിജയവും എല്ലാം ഇവിടെ ബി ജെപി തങ്ങളുടെ വോട്ട് വർധിപ്പിക്കുമെന്ന് വിശ്വസിച്ചിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുൾ വച്ച് വിലയിരുത്തിയാൽ ബി ജെ പിയുടെ മലപ്പുറം മണ്ഡലത്തിലെ ശക്തികേന്ദ്രമായ വളളിക്കുന്നിലടക്കം വോട്ട് കുറയുന്നതാണ് ഇത്തവണ സംഭവിച്ചത്. മങ്കടയിലും പെരിന്തൽമണ്ണയിലും മാത്രമാണ് നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ നേരിയ വോട്ട് വർധിപ്പിക്കാൻ സാധിച്ചത്. 2009ൽ മലപ്പുറത്ത് നിന്നും ലോകസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ എൻ അരവിന്ദൻ നേടിയ 36,016 വോട്ടുകളെയാണ് 2014 ൽ ശ്രീപ്രകാശ് 64,705 ആക്കി വർധിപ്പിച്ചത്. 28,689 വോട്ടുകളുടെ വർധന. ഇത്ര വലിയൊരു വോട്ട് വർധന സ്വന്തമാക്കാൻ അഞ്ച് വർഷം കൊണ്ട് സാധിച്ച പാർട്ടി 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ട് വർധന മുന്നോട്ട് കൊണ്ടുപോയി, 8,742 വോട്ടിന്റെ വർധനയാണ് ഈ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങളിൽ ബി ജെ പി നേടിയത്. എന്നാൽ ഇതിനെയൊക്കെ തകിടം മറിച്ചാണ് ഇത്തവണത്തെ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
യുഡിഎഫ് നേരത്തെ തന്നെ ഉറപ്പിച്ച ജയം കൈവരിച്ചു. ഭൂരിപക്ഷം ഇ അഹമ്മദിനൊപ്പം എത്തില്ലെന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ഉറപ്പായിരുന്നു. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ തങ്ങള്‍ക്കെതിരായ ഘടകങ്ങളെ ഒരളവ് വരെ പ്രതിരോധിക്കാൻ എല്‍ഡിഎഫിനും കഴിഞ്ഞു. എന്നാൽ ബി ജെ പിക്കാണ് പ്രതീക്ഷിക്കാത്ത അടിയേറ്റത്.
കേരളം പിടിക്കാനുളള കരുനീക്കങ്ങൾ നടത്താൻ ബി ജെ പി തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.

ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും കേരളത്തിന്റെ ചുമതലയുള്ള ദേശീയ നേതാവ് എച്ച് രാജയുടെയും നേതൃത്വത്തില്‍ ശക്തമായ പ്രചാരണമാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലൂടനീളം നടത്തിയത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പാര്‍ട്ടി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് എന്‍ ശ്രീപ്രകാശിനെ തന്നെ ഈ ഉപതെരഞ്ഞെടുപ്പിലും കളത്തിലിറക്കിയെങ്കിലും പ്രതീക്ഷകളും കണക്കു കൂട്ടലുകളും തെറ്റിച്ചാണ് ഫലം പുറത്തു വന്നത്. 2014-ല്‍ 64,705 വോട്ട് നേടിയ ശ്രീപ്രകാശിന് ഈ ഉപതെരഞ്ഞെടുപ്പില്‍ 65,675 വോട്ടെ നേടാനായുള്ളൂ. വെറും 970 വോട്ടുകളുടെ വര്‍ധന. എന്നാല്‍ ഈ രണ്ടു തെരഞ്ഞെടുപ്പുകള്‍ക്കിടയില്‍ 2016-ല്‍ ബിജെപി മലപ്പുറത്ത് വലിയ മുന്നേറ്റമാണ് നടത്തിയിരുന്നത്.

2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ 73,447 വോട്ടുകള്‍ നേടിയിരുന്നു. ഈ നേട്ടം കൈവരിക്കാനാകാതെ പോകുന്നതാണ് ഉപതെരഞ്ഞെടുപ്പില്‍ കണ്ടത്. ഈ കണക്കു വച്ച് ഇത്തവണ ഒരു ലക്ഷത്തിനും ഒന്നര ലക്ഷത്തിനുമിടയില്‍ വോട്ടുകള്‍ പ്രതീക്ഷിച്ച പാര്‍ട്ടിക്ക് കയ്യിലുണ്ടായിരുന്ന 7,772 വോട്ടുകള്‍ നഷ്ടമായിരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പികളിലൊന്നും ഇത്രയും വലിയ നഷ്ടം ബിജെപിക്കുണ്ടായിട്ടില്ല. നേരിയ തോതിലെങ്കിലും ക്രമാനുഗതമായ വളര്‍ച്ച കൈവരുന്ന പാര്‍ട്ടിയുടെ വോട്ട് ഓഹരി 2014-ലെ 7.58 ശതമാനത്തില്‍ നിന്നും 2017-ല്‍ എത്തിയപ്പോള്‍ 7.01 ശതമാനം എന്ന നിലയിലേക്ക് താഴ്ന്നിരിക്കുന്നു.

ജയിച്ചാല്‍ ഗുണമേന്മയുള്ള ബീഫ് വിളമ്പുമെന്ന ബിജെപി സ്ഥാനാര്‍ത്ഥിയുടെ വാഗ്ദാനവും അത് ചര്‍ച്ചയാക്കാനില്ലെന്ന പാര്‍ട്ടി അധ്യക്ഷന്‍ കുമ്മനത്തിന്റെ പ്രതികരണവും ഗോവധം നടത്തുവാൻ വെല്ലുവിളിച്ച ബി ജെ പി നേതാവ് കെ സുരേന്ദ്രന്റെ ഭീഷണിയുമെല്ലാമായി ബി ജെ പി വോട്ടർമാരുടെ മുന്നിൽ പരിഹാസ്യമായ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. അജണ്ടയില്ലാതെ ബി ജെ പി യുടെ പ്രകടനപരത വോട്ടർമാരെ ആകർഷിക്കാൻ സാധിക്കാതെ പോവുകയാണ് ഉണ്ടായത്. തീര്‍ച്ചയായും ഈ ഫലം കേരളം പിടിക്കാനിറങ്ങാൻ ആഹ്വാനം ചെയ്യുന്ന ബിജെപി നേതൃത്വത്തെ സംബന്ധിച്ചിടത്തോളം ഒരു ചൂണ്ടുപലകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ