ശബരിമല: നിരോധനാനജ്ഞ ലംഘിച്ച് ശബരിമലയിൽ സംഘടിക്കാൻ ആഹ്വാനം നല്‍കിയ ബിജെപിയുടെ ഉത്തരവ് പുറത്ത്. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ ഒപ്പിട്ട് അയച്ച കത്താണ് പുറത്തുവന്നത്. ശബരിമല ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതിനായി എല്ലാ നിയോജക മണ്ഡലങ്ങളിൽ നിന്നും പ്രവർത്തകർ ശബരിമലയിലേക്ക് പോകാനാണ് നിർദേശം. 17ന് പുറത്തിറക്കിയ സർക്കുലർ പ്രകാരം നട അടയ്ക്കുന്ന ഡിസംബർ 15വരെ ഓരോ നേതാക്കൾക്കും ചുമതല കൊടുത്തു കൊണ്ട് പ്രവർത്തകരെ എത്തിക്കാനാണ് നിർദേശം.

ഒരു ദിവസം മൂന്ന് നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകരെ ശബരിമലയിലെത്തിക്കാനാണ് നിര്‍ദേശം. ഓരോ ദിവസവും ഓരോ ബിജെപി നേതാക്കൾക്ക് ചുമതല നൽകിയിട്ടുണ്ട്. ഈ മാസം 18 മുതൽ‌ നട അടയ്ക്കുന്നതുവരെയുള്ള ദിവസങ്ങളിൽ ശബരിമലയില്‍ എത്തേണ്ടവരുടെ വിവരങ്ങളും ചുമതലയുള്ള ബിജെപി, ആർഎസ്എസ് നേതാക്കളെക്കുറിച്ചും സർ‌ക്കുലറിൽ വ്യക്തമാക്കുന്നു.

ഒരു സംഘ ജില്ലയിൽ നിന്നുള്ള പ്രവർത്തകരാണ് ഓരോ ദിവസവും വരേണ്ടത്. ഇതനുസരിച്ച് ഇന്ന് വരേണ്ടത് ആറ്റങ്ങിൽ സംഘ ജില്ലയിൽ നിന്നുള്ള പ്രവർത്തകരാണ്. ആറ്റിങ്ങൽ, വർക്കല, ചിറയിൻകീഴ് നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകരാണ് എത്തേണ്ടത്. കഴിഞ്ഞ ദിവസം നെടുമങ്ങാട് സംഘ ജില്ലയിൽ നിന്നുള്ള പ്രവർത്തകരായിരുന്നു എത്തിയത്.

ശബരിമലയില്‍ ആസൂത്രിതമായ കുഴപ്പമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ വലിയ ഗൂഢാലോചനയാണ് ഇതിലൂടെ പുറത്തു വരുന്നതെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ബിജെപി നടത്തുന്ന കലാപശ്രമങ്ങളെ വിശ്വാസികള്‍ കരുതിയിരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

‘യുവതീപ്രവേശന വിധി നടപ്പാക്കാന്‍ സാവകാശം അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ സമീപിക്കുകയാണെന്ന് വ്യക്തമാക്കിയിട്ടും സന്നിധാനത്തും പരിസരത്തും കലാപമഴിച്ച് വിടാന്‍ ഡിസംബര്‍ 15 വരെ സര്‍ക്കുലര്‍ വഴി ആളെ നിശ്ചയിച്ച് ബിജെപി സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുയാണ്. സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെയല്ല തങ്ങളുടെ സമരമെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റ് ഇപ്പോൾ പറയുന്നത്. യുവതീപ്രവേശനം അനുവദിക്കണമെന്ന് ആദ്യം പറയുകയും വിധി വന്നപ്പോള്‍ സ്വാഗതം ചെയ്യുകയും മുതലെടുക്കാനാവുമെന്ന് കണ്ടപ്പോള്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ബിജെപി നേതാക്കള്‍ യഥാര്‍ത്ഥ ഭക്തരെ അവഹേളിക്കുകയാണെന്നും കടകംപളളി പറഞ്ഞു.

‘ഇന്നലെ രാത്രി ഹരിവരാസനം പാടി നട അടച്ചശേഷവും ഭക്തരെന്ന വ്യാജേന സന്നിധാനത്ത് പ്രകടനം നടത്തുകയും ബഹളം വയ്ക്കുകയും ചെയ്തവര്‍ ആരെന്ന് ഇപ്പോള്‍ കൂടുതല്‍ വ്യക്തമാവുകയാണ്. ഇതേ ആര്‍എസ്എസ് ക്രിമിനലുകള്‍ തന്നെയാണ് ചിത്തിര ആട്ടവിശേഷം ദിവസം പേരക്കുട്ടിയുമായി വന്ന 52കാരിയെ ആക്രമിച്ച സംഘത്തെ നയിച്ചതുമെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സുഗമമായ ശബരിമല തീര്‍ഥാടനത്തിന് തടസ്സം നില്‍ക്കുന്ന ബിജെപി-ആര്‍എസ്എസ് തീവ്രവാദികളെ നിയന്ത്രിക്കേണ്ടതുണ്ടെന്നും കടകംപളളി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.