തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള വിധിക്കെതിരെ സമർപ്പിച്ച ഹർജികൾ ഈ മാസം 22 ന് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി അറിയിച്ചതോടെ വെട്ടിലായി ബിജെപി. അഞ്ചംഗ ഭരണഘടന ബെഞ്ചിലെ അംഗമായ ഇന്ദു മൽഹോത്ര അവധിയായതിനാലാണ് റിവ്യൂ ഹർജികൾ മാറ്റുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അറിയിച്ചു. അതേസമയം, ഹർജികൾ ഇനി എന്നാണ് പരിഗണിക്കുന്നത് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയില്ല. ഹര്‍ജികള്‍ പരിഗണിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്ന ഈ മാസം 22ന് സമരം അവസാനിപ്പിക്കാനായിരുന്നു ബിജെപിയുടെ നീക്കം. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ പ്രൊഫ. വി.ടി.രമയാണ് ഇപ്പോള്‍ നിരാഹാര സമരം നടത്തുന്നത്.

സംസ്ഥാനത്ത് 21 ന് എത്തുന്ന അമിത് ഷായുമായി ആലോചിച്ചശേഷം മാത്രം സമരം തുടർന്നും ആവശ്യമാണോ എന്ന് പരിശോധിച്ച് അവസാനിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ കോടതി ഹര്‍ജികള്‍ ഇപ്പോള്‍ പരിഗണിക്കില്ലെന്ന് അറിയിച്ചതോടെ സമരത്തിന്റെ കാര്യത്തില്‍ ആശയക്കുഴപ്പമായി. കൂടാതെ ശബരിമലയിലെ നിരോധനാജ്ഞയും പൂര്‍ണമായി എടുത്ത് കളഞ്ഞിട്ടുണ്ട്. എന്നാൽ നിലവിലെ വികാരം അതേപടി നിലനിർത്താൻ സമരവുമായി മുന്നോട്ടുപോകണമെന്ന നിലപാടാണ് ആർഎസ്എസിനുള്ളത്.

ശബരിമലയുമായി ബന്ധപ്പെട്ട ഹർജികളെല്ലാം ഈ മാസം 22 ന് പരിഗണിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നത്. തുറന്ന കോടതിയിൽ വാദം കേൾക്കുമെന്നായിരുന്നു അറിയിച്ചത്. ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എ.എൻ.ഖാൻവീൽക്കര്‍, ഇന്ദുമൽഹോത്ര, റോഹിൻടൺ നരിമാൻ എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റംഗങ്ങൾ.

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന ചരിത്രവിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. സ്ത്രീകളെ ദൈവമായി കണക്കാക്കിയ രാജ്യമാണ് ഇന്ത്യ. വിവേചനത്തെ ഭരണഘടന അംഗീകരിക്കുന്നില്ല. വിശ്വാസത്തിൽ തുല്യതയാണ് വേണ്ടത്. മതത്തിലെ പുരുഷാധിപത്യം വിശ്വാസത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കരുത്. അയ്യപ്പ വിശ്വാസികൾ പ്രത്യേക മതവിഭാഗമല്ല. മതത്തിലെ വിശ്വാസം ശാരീരിക അവസ്ഥയുടെ പേരിൽ വിവേചനം പാടില്ല. സ്ത്രീകളോടുളള ഇരട്ടത്താപ്പ് തരംതാഴ്ത്തുന്നതിന് തുല്യം. ആർത്തവത്തിന്റെ പേരിൽ പ്രാർത്ഥിക്കാനുളള അവകാശം നിഷേധിക്കരുത് തുടങ്ങിയ നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ