കാ​സ​ർ​ഗോ​ഡ്: അഴിമതിയേക്കാൾ അപകടകരമാണ് ബിജെപിയുടെ വർഗ്ഗീയ രാഷ്ട്രീയമെന്ന് പ്രമുഖ നടൻ പ്രകാശ് രാജ്. കാസർഗോഡ് പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“തങ്ങൾക്കെതിരെ ചോദ്യങ്ങൾ ഉയർത്താൻ പോലും ബിജെപി സർക്കാർ അനുവദിക്കില്ല. മതത്തിന്റെ മറയിൽ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് അവർ ശ്രമിക്കുന്നത്. നിരന്തരം ചോദ്യംചെയ്യപ്പെട്ടാൽ മാത്രമേ ഭരണാധികാരി തിരുത്താൻ തയ്യാറാകൂ,” അദ്ദേഹം പറഞ്ഞു.

“ഭൂ​രി​പ​ക്ഷം ലഭിക്കാതിരുന്നിട്ടും മണിപ്പൂർ, മേഘാലയ, ഗോവ സംസ്ഥാനങ്ങളിൽ ബിനാമി സർക്കാരുകളെ വച്ച് ബിജെപി ഭരിക്കുകയാണ്. ബിജെപിയോട് എനിക്ക് വെറുപ്പില്ല. എന്നാൽ രാജ്യത്തിന്റെ ഭരണം ഏൽപ്പിച്ചുകൊടുക്കാൻ പറ്റിയ രാഷ്ട്രീയ പാർട്ടിയാണ് അവരെന്ന് എനിക്ക് തോന്നുന്നില്ല,” പ്രകാശ് രാജ് നിലപാട് വ്യക്തമാക്കി.

“കർണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ഞാൻ ഒരു രാഷ്ട്രീയ കക്ഷിക്ക് വേണ്ടിയും പ്രചാരണത്തിനിറങ്ങുന്നില്ല. എന്നെ സംബന്ധിച്ച് അഴിമതിയെക്കാൾ അപകടകരമാണ് ബിജെപി ഉയർത്തുന്ന വർഗ്ഗീയത. അതിനാൽ ബിജെപിക്കെതിരെ പ്രചാരണം നടത്തും. ഇനിയും ഒരു ഗൗരി ലങ്കേഷ് കൂടി കർണ്ണാടകയിൽ വധിക്കപ്പെടരുതെന്നാണ് താൻ ആഗ്രഹിക്കുന്നത്,” അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ