തൃശ്ശൂർ: നോട്ട് നിരോധനത്തെ അനുകൂലിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ നയിച്ച പ്രചരണ ജാഥയ്ക്ക് സ്വീകരണം നല്‍കുന്നതിനായി ഇറക്കിയ പോസ്റ്ററില്‍ കള്ളനോട്ടടിയന്ത്രവുമായി പിടിയിലായ നേതാവിന്റെ ചിത്രവും. യുവമോര്‍ച്ച പ്രാദേശിക നേതാവ് രാകേഷ് ഏഴാച്ചേരിയുടെ ചിത്രമാണ് ശോഭ സുരേന്ദ്രന്റെ ജാഥയുടെ പ്രചരണ പോസ്റ്ററിലുള്ളത്. ചിത്രം നവ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. എന്നാൽ ചിത്രത്തിന്റെ ആധികാരികത വ്യക്തമല്ല.
യുവമോര്‍ച്ച പഞ്ചായത്ത് കമ്മറ്റിയംഗമായ രാകേഷ് ഏഴാച്ചേരിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കള്ളനോട്ട് അടിക്കുന്ന യന്ത്രവും ഒന്നര ലക്ഷത്തോളം രൂപയുടെ കള്ള നോട്ടുകളും കണ്ടെത്തിയത്.
രാജേഷ് ഏരാച്ചേരിയുടെ വീട്ടിൽ നിന്ന് 9 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. 500,2000 രൂപ എന്നിവയുടെ വ്യാജനോട്ടുകളാണ് ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. നോട്ട് അടിക്കുന്നതിനായുള്ള മഷികളും ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തി. വീടിന്റെ രണ്ടാം നിലയിൽ പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് നോട്ട് അച്ചടിക്കുന്ന യന്ത്രം സജ്ജീകരിച്ചിരുന്നത്.
രാജേഷിനെ കസ്റ്റഡിയിൽ എടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇയാൾക്കായുള്ള തിരച്ചിൽ നടക്കുകയാണ് എന്ന് പൊലീസ് പറഞ്ഞു. നാട്ടുകാർക്ക് പണം പലിശയ്ക്ക് കൊടുക്കുന്ന വ്യക്തിയായിരുന്നു രാജേഷ് .
ബിജെപിയുടെ പല ചുമതലകളും വഹിക്കുന്ന കൊടുങ്ങല്ലൂരിലെ പ്രധാന നേതാവും കൂടിയായിരുന്നു രാജേഷ്. ബിജെപി ഒബിസി മോര്‍ച്ചയുടെ പ്രധാന ചുമതലകളും ഇദ്ദേഹം വഹിച്ചുവരുന്നുണ്ട്. ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവ സ്ഥലത്ത് പൊലീസും ഫോറന്‍സിക് സംഘവും പരിശോധന നടത്തുകയാണ്.