തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ബിജെപി നേതാവ് എ.എൻ.രാധാകൃഷ്ണന്റെ നിരാഹാര സമരം അവസാനിപ്പിക്കാൻ സർക്കാർ ഉടൻ ഇടപെടണം എന്നാവശ്യപ്പെട്ട് ബിജെപി-യുവമോർച്ചയുടെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. സംഘർഷത്തെ തുടർന്ന് നാളെ തലസ്ഥാന ജില്ലയിൽ ബിജെപി ഹർത്താലിന് അഹ്വാനം ചെയ്തു.

പൊലീസിനുനേരെ പ്രവർത്തകർ കല്ലെറിയുകയായിരുന്നു. പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. മാധ്യമപ്രവർത്തകർക്ക് നേരെയും കൈയ്യേറ്റ ശ്രമമുണ്ടായി.

നാമജപ പ്രതിഷേധവുമായി എത്തിയ ബിജെപി പ്രവർത്തകർ സെക്രട്ടറിയേറ്റിന് അകത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോഴാണ് പൊലീസ് തടഞ്ഞത്. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തളളുമുണ്ടായി. പ്രവർത്തകർ കല്ലെറിഞ്ഞപ്പോഴാണ് പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചത്. സംഘർഷത്തിൽ ഒരാൾക്ക് പരുക്കേറ്റു.
അതേസമയം ശബരിമല വിഷയത്തില്‍ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ നടത്തിയിരുന്ന നിരാഹാര സമരം സി കെ പദ്മനാഭൻ ഏറ്റെടുത്തു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് പൊലീസ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് സി കെ പദ്മനാഭൻ നിരാഹാര സമരം ഏറ്റെടുത്തത്. കഴിഞ്ഞ എട്ട് ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ രാധാകൃഷ്ണന്‍ നിരാഹര സമരത്തിലാണ്.



