എറണാകുളം: പൊലീസ് കസ്റ്റഡിയിലെ ശ്രീജിത്തിന്റെ മരണത്തിൽ പ്രതിഷേധിച്ച് വരാപ്പുഴയിൽ നടത്തുന്ന ഹർത്താലിനിടെ ബിജെപി – ആർഎസ്എസ് പ്രവർത്തകരുടെ അഴിഞ്ഞാട്ടം. അസുഖബാധിതയായ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ശ്രമിച്ച യുവാവിനെ ബിജെപി പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു. കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകണമെന്നും വാഹനം കടത്തി വിടണമെന്നും സമരക്കാരോട് യുവാവ് ആവശ്യപ്പെട്ടെങ്കിലും കൊടിയ മർദ്ദനമാണ് യുവാവിന് ലഭിച്ചത്.

ഹർത്താലിൽ കടുത്ത സംഘർഷമാണ് മേഖലയില്‍ തുടരുന്നത്. കടകൾ നിർബന്ധിച്ച് അടപ്പിച്ച ബിജെപി പ്രവർത്തകർ വഴിയാത്രക്കാര്‍ക്ക് നേരെ മര്‍ദനവും അഴിച്ചുവിട്ടു. കടുത്ത പനിയെ തുടർന്ന് പിഞ്ചുകുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവിന്റെ വാഹനം ബിജെപി പ്രവർത്തകർ തടയുകയായിരുന്നു. ഇത് ചോദ്യം ചെയ്ത യുവാവിനെ ബിജെപി പ്രവർത്തകർ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു.

പൊലീസ് എത്തിയാണ് യുവാവിനെ രക്ഷിച്ചത്. പിന്നീട് പൊലീസ് സഹായത്തോടെ പിഞ്ചുകുഞ്ഞുമായി എത്തിയ വാഹനം എറണാകുളത്തേക്ക് കടത്തി വിടുകയായിരുന്നു. പരീക്ഷയ്ക്കായി പോകുന്ന വിദ്യാർഥിനികളെയും ബിജെപി പ്രവർത്തകർ തടഞ്ഞ് വെച്ചു. വിദ്യാർഥിനികൾക്ക് നേരെ വധഭീഷണി മുഴക്കുകയും ചെയ്തു. മേഖലയിൽ സംഘർഷം തുടരുകയാണ്. എറണാകുളം – ഗുരുവായൂർ ദേശീയപാത പ്രവർത്തകർ ഉപരോധിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ