ആലപ്പുഴ: ഹരിപ്പാട് ബിജെപി പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു. കുമാരപുരം വാര്യംകോട് ശരത്ചന്ദ്രനാണ് മരിച്ചത്. ക്ഷേത്രോത്സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. നന്ദു പ്രകാശ് എന്നയാളാണ് കൊലപാതകത്തിന് നേതൃത്വം കൊടുത്തതെന്ന് പൊലീസ് പറയുന്നു. ലഹരി മരുന്ന് സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. കാറ്റില്‍ മാര്‍ക്കറ്റിന് സമീപമുള്ള ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ശരത്ചന്ദ്രനും സുഹൃത്തുക്കളും മറ്റൊരു സംഘവുമായി തര്‍ക്കമുണ്ടായിരുന്നു. കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങാതെ ഇരുകൂട്ടരും മടങ്ങി. എന്നാല്‍ നന്ദു പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം പിന്നീടെത്തി ശരത്തിനേയും കൂട്ടുകാരേയും ആക്രമിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഇത് ആരാണെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. കൊലപാതകം നടന്ന പ്രദേശത്ത് ലഹരിമരുന്ന് മാഫിയ സജീവമാണെന്നും തങ്ങള്‍ അതിനെ എതിര്‍ക്കുന്നതുകൊണ്ടാണ് ആക്രമിച്ചതെന്നും ബിജെപിയുടെ പ്രാദേശിക നേതൃത്വം പറയുന്നു.
Also Read: ആറ്റുകാല്‍ പൊങ്കാല ഇന്ന്; ക്ഷേത്രത്തിലെത്തുന്നവര്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് കരുതണം