തൃശൂർ: മുക്കാട്ടുകരയിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. യുവമോർച്ച പ്രവർത്തകനും ഡിഗ്രി വിദ്യാർഥിയുമായ മുക്കാട്ടുകര പൊറാടൻ വീട്ടിൽ നിർമലാണ്(20) മരിച്ചത്. കൊലപാതകത്തിൽ പ്രതിഷേധിച്ച് തൃശൂർ ജില്ലയിൽ ഇന്ന് ഹർത്താലിന് ബിജെപി ആഹ്വാനം ചെയ്‌തു. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്. കോകുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് നിർമലിന് കുത്തേറ്റത്.

നിർമൽ അടക്കമുളളവരെ സിപിഎം പ്രവർത്തകരാണ് ആക്രമിച്ചതെന്ന് ബിജെപി ആരോപിച്ചു. കുത്തേറ്റ നിർമലിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആക്രമണത്തിൽ മറ്റൊരു ബിജെപി പ്രവർത്തകനായ മിഥുനും പരുക്കേറ്റിട്ടുണ്ട്. ഇന്ന് വൈകിട്ട് ആറു മണി വരെയാണ് ഹർത്താൽ. രാത്രി നടന്ന സംഭവമായതിനാൽ രാവിലെ മാത്രമാണ് ഹർത്താൽ വിവരം ജനങ്ങൾ അറിയുന്നത്. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. അതുകൊണ്ടു തന്നെ പലരേയും അപ്രതീക്ഷിത ഹർത്താൽ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ