കൂത്തുപറമ്പ്: കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ച ചുമട്ടുതൊഴിലാളിയെ പൊലീസ് പിടികൂടി. ഇയാളെ ഇന്നലെ കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.

ചെറുവാഞ്ചേരി ഈരാച്ചിപുരയിൽ ഷിജു (33) വിനെയാണ് കണ്ണവം പൊലീസ് അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ ദിവസം സ്കൂൾ വിട്ടുവരുന്ന വഴിയിലാണ് പത്താം  ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ വിജനമായ ഇടത്ത് വച്ച് ബിഎംഎസിൽ അംഗത്വമുള്ള പ്രതി കടന്നുപിടിച്ചത്. പുറകിൽ നിന്ന് പെൺകുട്ടിയെ കെട്ടിപ്പിടിക്കാനായിരുന്നു ശ്രമം. പെൺകുട്ടി ശബ്ദമുണ്ടാക്കിയതിനെ തുടർന്ന് ഇയാൾ ഓടി രക്ഷപ്പെട്ടു.

പ്രതിക്കെതിരെ മറ്റൊരാൾ കൂടി പരാതിയുമായി രംഗത്ത് വന്നതായി ചെറുവാഞ്ചേരി പഞ്ചായത്ത് മുൻ അംഗം കുറ്റിച്ചി പ്രേമൻ പറഞ്ഞു. “ഒരു യുവതി ഇയാൾക്കെതിരെ പരാതി പറഞ്ഞ് രംഗത്ത് വന്നിട്ടുണ്ട്. ഇവരെ കൂത്തുപറമ്പ് സിഐയുടെ അടുക്കലേക്ക് പറഞ്ഞ് വിട്ടിട്ടുണ്ട്”, അദ്ദേഹം പറഞ്ഞു.

പിന്നീട് നാട്ടുകാരുടെ കൂടി ഇടപെടലിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുൻപാകെ പെൺകുട്ടി മൊഴി നൽകി. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പ്രതിയെ പതിനാല് ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു.

പ്രതി ചുമട്ടുതൊഴിലാളിയാണെന്ന് കണ്ണവം എസ്ഐ സ്ഥിരീകരിച്ചു. “ഏത് രാഷ്ട്രീയ അനുഭാവമുള്ളയാളാണെന്ന് അറിയില്ല.  ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ തിങ്കളാഴ്ച വൈകിട്ടാണ് പ്രതി കടന്നുപിടിച്ചത്.  കേസ് രജിസ്റ്റർ ചെയ്ത് ഉടനടി തന്നെ ഇയാളെ പിടികൂടി കോടതിയിൽ ഹാജരാക്കി”, അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ