ധർമ്മടം (കണ്ണൂർ): കണ്ണൂരിലെ സി പി എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ ബി ജെ പി ദേശവ്യാപകമായ പ്രചാരണ പരിപാടി സംഘടിപ്പിക്കുമെന്ന് സുരേഷ് ഗോപി അറിയിച്ചു. കൊല്ലപ്പെട്ട ബി ജെ പി പ്രവർത്തകനായ തലശേരി ധർമ്മടം ആണ്ടല്ലൂർ സോമന്റവിടെ സന്തോഷ് കുമാറിന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർലമെന്റ് സമ്മേളനത്തിന് ശേഷമായിരിക്കും അക്രമരാഷ്ട്രീയത്തിനെതിരായ പരിപാടി ആരംഭിക്കുക. സമ്മേളന കാലയളവിൽ രണ്ട് സഭകളിലും കണ്ണൂരിലെ അക്രമ രാഷ്ട്രീയം സംബന്ധിച്ച വിഷയം ഉന്നയിക്കും.

മനുഷ്യനെ കൊല ചെയ്യുന്ന രാഷ്ട്രീയത്തെ അംഗീകരിക്കാനാകില്ല. അത് ആര് നടത്തിയാലും എതിർക്കും. മനുഷ്യവകാശം സംരക്ഷിക്കാനും രാഷ്ട്രീയപ്രവർത്തന സ്വാതന്ത്ര്യം സംരക്ഷിക്കാനുമാണ് ഞാൻ പ്രവർത്തിക്കുന്നത്. എന്റെ പാർട്ടി ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതാണ് എന്റെ നിലപാട്.

പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ട പ്രകാരമാണ് സന്തോഷ് കുമാറിന്റ വീട്ടിൽ വന്നതെന്നും. ഇവിടെവന്ന് വിവരങ്ങൾ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അതനുസരിച്ചാണ് എത്തിയത്. ഇവിടുത്തെ വിവരങ്ങൾ അദ്ദേഹത്തെ അറിയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ജനുവരി 18ന് സംസ്ഥാന സ്കൂൾ കലോത്സവം കണ്ണൂരിൽ നടക്കുന്നതിനിടെയാണ് സന്തോഷ് കുമാറിനെ രാത്രിയിൽ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. സി പി എം ഈ സംഭവത്തിൽ പങ്കില്ലെന്ന് നിഷേധിച്ചിരുന്നു.. എന്നാൽ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം സി പി എം പ്രവർത്തകരായിരുന്നു. സ്കൂൾ കലോത്സവ ദിവസം തന്നെ ബി ജെ പി ഹർത്താൽ നടത്തുകയും വിലാപ യാത്ര കലോത്സവവേദിക്കു സമീപത്തു കൂടെ കൊണ്ടു പോകണമെന്ന് നിർബന്ധം പിടിക്കുകയും നഗരത്തിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ