ഇടുക്കി: കെ സുരേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിത നീക്കമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാനുളള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുരേന്ദ്രന്റെ മോചനത്തിനായി സമരം നടത്തുമെന്നും ശ്രീധരന് പിള്ള പറഞ്ഞു. നവംബര്‍ 25 ന് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ മാര്‍ച്ച് നടത്തും. നാളെ തൃശൂര്‍ കമ്മീഷ്ണര്‍ ഓഫീസിന് നേരെയും മാര്‍ച്ച് നടത്തുമെന്നും ശ്രീധരന്‍പിള്ള അറിയിച്ചു.
അതേസമയം, മൂന്ന് ഓഫീസര്‍മാര്‍ പിണറായി കിങ്കരന്മാരായി അയ്യപ്പ വേട്ടക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന്റെ സത്യവാഗ്മൂലത്തില്‍ സത്യമില്ല. നടവരവ് കുറഞ്ഞതില്‍ മുഖ്യപ്രതികള്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും പൊലീസുമാണെന്നും ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു.
അതേസമയം, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ റാന്നി കോടതി ഡിസംബര്‍ ആറു വരെ റിമാന്‍ഡ് ചെയ്തു. എന്നാല്‍, സുരേന്ദ്രനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി ശനിയാഴ്ച പരിഗണിക്കും. ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമലയിലെത്തിയ 52 വയസുകാരിയായ തീര്‍ഥാടകയെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ടാണ് സുരേന്ദ്രന്റെ അറസ്റ്റ് വ്യാഴാഴ്ച പോലീസ് രേഖപ്പെടുത്തിയത്.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഗൂഢാലോചനയാണ് തനിക്കെതിരെ നടക്കുന്നതെന്ന് കോടതിക്കു പുറത്തെത്തിയ സുരേന്ദ്രന് ആവര്‍ത്തിച്ചു. എന്നാല്‍ എന്ത് വന്നാലും താന്‍ നെഞ്ച് വേദന അഭിനയിക്കില്ലെന്നും പി ജയരാജനെ പരിഹസിച്ച് സുരേന്ദ്രന് പറഞ്ഞു. റാന്നി കോടതിയില്‍ ഹാജരാക്കുന്നതിനായി കൊട്ടാരക്കര ജയിലില്‍ നിന്നുകൊണ്ടുപോകവേയാണ് സുരേന്ദ്രന്റെ പരാമര്‍ശം.
‘എനിക്കെതിരെ വീണ്ടും വീണ്ടും കേസുകള്‍ വരുന്നതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഉപതെരഞ്ഞെടുപ്പില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തുക എന്നതാണ് ഈ നീക്കങ്ങള്‍ക്കു പിന്നിലെ മുഖ്യലക്ഷ്യം. ഇത്തരം നീക്കങ്ങളിലൂടെ വിശ്വാസി സമൂഹത്തിന്റെ ആത്മവിശ്വാസം തകര്‍ക്കാമെന്നു ചിലര്‍ ലക്ഷ്യമിടുന്നുണ്ടെന്നും സുരേന്ദ്രന് ആരോപിച്ചു.