കാലിക്കറ്റ് സര്‍വകലാശാലയിലെ ബിഎ ഇംഗ്ലീഷ് പാഠ പുസ്തകത്തില്‍ ബുക്കര്‍ സമ്മാന ജേതാവ് അരുന്ധതി റോയിയുടെ ‘കം സെപ്തംബര്‍’ എന്ന 2002-ലെ പ്രസംഗം ഉള്‍പ്പെടുത്തിയതിനെതിരെ ബിജെപി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരാതി നല്‍കി. ഈ പ്രസംഗം പിന്‍വലിക്കണമെന്ന് ബിജെപി സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണര്‍ക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ പരമാധികാരത്തേയും അഖണ്ഡതയേയും അരുന്ധതി റോയിയുടെ
ലേഖനം ചോദ്യം ചെയ്യുന്നതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഗവര്‍ണര്‍ക്കുള്ള കത്തില്‍ പറഞ്ഞു.

ദേശവിരുദ്ധമായ ഈ പ്രസംഗം പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ അക്കാദമിക വിദഗ്ദ്ധരുടേയും പൊതുജനങ്ങളുടേയും ഇടയില്‍ പ്രതിഷേധം ഉയരുകയാണെന്ന് കത്തില്‍ പറയുന്നു.

“കശ്മീരിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അക്രമരഹിത സമരത്തിനെതിരെ ഇന്ത്യ ഭീകരത അഴിച്ചു വിടുകയാണെന്ന് അരുന്ധതി പറയുന്നു. ടെക്സ്റ്റ് ബുക്ക് എഡിറ്റര്‍മാരായ മുരുഗന്‍ ബാബുവും ആബിദ ഫാറൂഖിയുമാണ് അരുന്ധതിയുടെ ലേഖനം പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. ഹിന്ദുക്കള്‍ ഫാസിസ്റ്റുകളാണെന്ന് അരുന്ധതി തന്റെ പ്രസംഗത്തില്‍ പറയുന്നു. സിലബസില്‍ നിന്നും പ്രസംഗം ഒഴിവാക്കണം,” കത്തില്‍ പറയുന്നു.

Read Also: റഫാൽ യുദ്ധവിമാനങ്ങളുടെ ആദ്യ സെറ്റ് ഇന്ന് ഇന്ത്യയിലെത്തും; ചിത്രങ്ങൾ

ബിഎ ഇംഗ്ലീഷ് മൂന്നാം സെമസ്റ്ററിലാണ് ഈ പ്രസംഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് സിലബസ് നടപ്പിലാക്കിയത്.

കഴിഞ്ഞവര്‍ഷം പത്തംഗ കമ്മിറ്റിയാണ് ഈ പ്രസംഗം ശുപാര്‍ശ ചെയ്തതെന്ന് ഡോക്ടര്‍ ആബിദ ഫാറൂഖി പറഞ്ഞു. കൂടാതെ, അക്കാദമിക കൗണ്‍സില്‍ അംഗീകാരം നല്‍കുകയും ചെയ്തു. ആനുകാലികങ്ങളില്‍ ഈ പ്രസംഗം പ്രസിദ്ധീകരിച്ചതാണ്. ഇതുവരെ, ആരും അതിനെതിരെ ആരോപണം ഉന്നയിച്ചിരുന്നില്ല. ഈ പ്രസംഗം ഉള്‍പ്പെടുത്തുന്നതിന് എതിരെ ടെക്സ്റ്റ് ബുക്ക് കമ്മിറ്റിയില്‍ ആരും ശബ്ദമുയര്‍ത്തിയിരുന്നില്ല, അവര്‍ പറഞ്ഞു.

ഇതുവരെ ഈ പ്രസംഗത്തെ കുറിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും പ്രശ്‌നം അക്കാദമിക കൗണ്‍സില്‍ പരിശോധിച്ച് തീരുമാനം എടുക്കുമെന്നും കാലിക്കറ്റ് സര്‍വകലാശാല രജിസ്്ട്രാര്‍ ഡോ സിഎല്‍ ജോഷി പറഞ്ഞു.

Read in English: BJP wants Arundhati Roy speech out of Calicut varsity textbook

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.