തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രത്യക്ഷ സമരത്തിന് ഇല്ലെന്ന് പറഞ്ഞ് മണിക്കൂറുകള്‍ക്കകം തീരുമാനം മാറ്റി ബിജെപി. പാര്‍ട്ടി വീണ്ടും സമര രംഗത്തേക്ക് എത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരൻ പിള്ള അറിയിച്ചു. നിരോധനാജ്ഞ പിന്‍വലിക്കുക, സുരേന്ദ്രനെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണന്‍ നിരാഹാരമിരിക്കും.

ഡിസംബര്‍ മൂന്ന് മുതല്‍ എ.എന്‍.രാധാകൃഷ്ണന്‍ സെക്രട്ടറിയേറ്റിന് മുന്നിൽ 15 ദിവസത്തേക്ക് നിരാഹാരമിരിക്കുമെന്ന് ശ്രീധരൻ പിള്ള അറിയിച്ചു. ബിജെപി നേതൃയോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിലായിരുന്നു ബിജെപി നേതൃത്വം സമരമുറയിലെ മാറ്റം അറിയിച്ചത്.

അതേസമയം, ആദ്യഘട്ടത്തില്‍ ശബരിമലയിലേക്ക് പോയ സുരേന്ദ്രനില്‍ നിന്നും എന്തെങ്കിലും തെറ്റുണ്ടായോ എന്ന് തനിക്ക് അറിയില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസുകളാണ്. മനുഷ്യാവകാശങ്ങള്‍ പോലും പാടേ ലംഘിച്ചാണ് അദ്ദേഹത്തെ ജയിലില്‍ ഇട്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആര്‍എസ്എസും ബിജെപിയും നീതി നിഷേധിക്കപ്പെട്ട വിഭാഗമാണെന്നും തങ്ങളെ രണ്ടാം കിട പൗരന്മാരായാണ് മുഖ്യമന്ത്രി കണക്കാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സന്നിധാനത്തും ശബരിമലയിലും ബിജെപി സമരം നടത്തിയിട്ടില്ല. ശബരിമല കർമ്മ സമിതിയാണ് സന്നിധാനത്തും മറ്റും പ്രതിഷേധം നടത്തിയത്. ഇതിന് ബിജെപി പിന്തുണ നല്‍കുകയായിരുന്നു. ബിജെപിയുടെ പ്രവര്‍ത്തകരാരും ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കി യിട്ടില്ലെന്നും പിള്ള പറഞ്ഞു.

സമരം സര്‍ക്കാരിനെതിരെയാണെങ്കില്‍  സെക്രട്ടറിയേറ്റിന് മുന്നിലാണ് അത് ചെയ്യേണ്ടതെന്ന് നേരത്തെ  മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ശബരിമല സ്ത്രീപ്രവേശത്തി നെതിരല്ല, കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരായണ് സമരം എന്ന് ബി ജെ പി പ്രസിഡന്റിന്റെ പ്രസ്താവനയോടായിരുന്നു മുഖ്യമന്ത്രി ഈ മറുപടി.  എന്നാല്‍ സമരകേന്ദ്രം മാറ്റിയതിനെ മുഖ്യമന്ത്രിയുടെ പരാമര്‍ശവുമായി ചേര്‍ത്ത് വായിക്കേണ്ടെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ മറുപടി.

ശബരിമല യുവതീ പ്രവേശനത്തിനെതിരെ ഇനി പ്രതീകാത്മക സമരമെന്നായിരുന്നു പി.എസ്.ശ്രീധരന്‍ പിള്ള നേരത്തെ പറഞ്ഞത്. പ്രത്യക്ഷ സമരത്തില്‍ നിന്ന് പിന്മാറുന്നതിന്റെ ഭാഗമായി നിലയ്ക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് ഇന്ന് നടത്താനിരുന്ന മാര്‍ച്ച് യുവമോര്‍ച്ച ഉപേക്ഷിച്ചിരുന്നു. ശബരിമലയില്‍ പ്രതിഷേധം പാടില്ലെന്ന ഹൈക്കോടതിയുടെ ഉത്തരവ് വന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് വിവരം.

ഹൈക്കോടതി ഉത്തരവ് ഭക്തര്‍ക്ക് അനുകൂലമെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. ഇനി ആചാരലംഘനം ഉണ്ടായാല്‍ മാത്രം സമരത്തിന് ഇറങ്ങിയാല്‍ മതിയെന്നയിരുന്നു പാര്‍ട്ടി നിലപാട്. പ്രത്യക്ഷ സമരം വേണ്ടെന്ന് നേരത്തെ തീരുമാനിച്ചതാണെന്ന് ശ്രീധരന്‍ പിളള പറഞ്ഞു. പാര്‍ട്ടി കേന്ദ്ര നേതൃത്വവും ശബരിമല കര്‍മ്മസമിതിയുമായി ആലോചിച്ച ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.