scorecardresearch

‘നാർക്കോട്ടിക്സ് ജിഹാദ്’ വിവാദം ഏറ്റെടുത്ത് ബിജെപി ദേശീയ ഘടകം; കേന്ദ്രം നിയമ നിർമാണം നടത്തണമെന്ന് പാർട്ടി

കേന്ദ്രം നിയമനിർമ്മാണം നടതത്തണമെന്നും, “നാർക്കോ-ടെററിസം, ലൗ ജിഹാദ് എന്നിവ കൈകാര്യം ചെയ്യാൻ” ഫാസ്റ്റ് ട്രാക്ക് കോടതികൾ കൊണ്ടുവരണമെന്നും ബിജെപി വക്താവ്

Narcotic Jihad, Mar Joseph Kalarangattu
Photo: Fcaebook

ന്യൂഡൽഹി: പാലാ ബിഷപ്പ്, ജോസഫ് കല്ലറങ്ങാട്ട് നടത്തിയ “നാർക്കോട്ടിക്സ് ജിഹാദ്” പരാമർശത്തെത്തുടർന്നുള്ള വിവാദം തുടരവെ വിഷയത്തിൽ ഇടപെട്ട് ബിജെപി ദേശീയ ഘടകവും. “നാർകോ ടെററിസം,””ലവ് ജിഹാദ്,” എന്നിവ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ പുതിയ നിയമം കൊണ്ടുവരുന്നതിനായി കേന്ദ്രസർക്കാർ ഇടപെടൽ വേണമെന്ന് പാർട്ടി ആവശ്യപ്പെടുന്നു. സംസ്ഥാനത്തെ ക്രിസ്ത്യൻ സമുദായത്തിന്റെ ശബ്ദമാണ് ബിഷപ്പിന്റെ പരാമർശത്തിൽ പ്രതിഫലിക്കുന്നതെന്നും ബിജെപി ദേശീയ നേതൃത്വം പറയുന്നു.

“പാലാ ബിഷപ്പ്, ജോസഫ് കല്ലറങ്ങാട്ട് ബിഷപ്പ് നടത്തിയ ഇടപെടൽ അദ്ദേഹത്തിന്റെ രൂപതകളോടുള്ള ആഹ്വാനം മാത്രമല്ല. ലൗ ജിഹാദിന്റെയും നാർക്കോ-ഭീകരതയുടെ വീഴ്ചയുടെയും ഇരകളുടെ പ്രതികരണം കൂടിയാണ്. ലൗ ജിഹാദിന്റെയും മയക്കുമരുന്ന് ദുരുപയോഗത്തിന്റെയും ഇരകളുടെ കേസുകൾ വർദ്ധിച്ചുവരികയാണ്,” ബിജെപി വക്താവ് ടോം വടക്കൻ പ്രസ്താവനയിൽ പറഞ്ഞു.

അന്വേഷണ ഏജൻസികളിൽ നിന്ന് വിവരങ്ങൾ ലഭിച്ചിട്ടും കേരള സർക്കാർ വസ്തുത തിരിച്ചറിഞ്ഞിട്ടില്ലെന്നും നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും വടക്കൻ ആരോപിച്ചു.

Read More: നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പിന് പിന്തുണയുമായി കെ. സുരേന്ദ്രന്‍; സംഘപരിവാറിന് മുരളീധരന്റെ വിമര്‍ശനം

യുവതികൾ “ലവ് ജിഹാദിൽ ഇരകളാവുന്നു,” എന്നും “പിന്നീട് വിദേശ ജയിലുകളിൽ പെട്ടുപോവുന്നു,” എന്നും “ഇത് മനുഷ്യക്കടത്താണെന്നും,” ആരോപിച്ച് വിവിധ പള്ളികളിൽ നിന്നുള്ള വിശ്വാസികളുടെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബിഷപ്പ് കൗൺസിൽ ഈ വിഷയം ഉന്നയിച്ചത് എന്നും വടക്കൻ പറയുന്നു.

“വിവിധ സമുദായങ്ങളിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ദുരുപയോഗം കുടുംബങ്ങളിലെ സമാധാനത്തെ ബാധിക്കുകയും വിനാശകരമായ തലങ്ങളിൽ സാമൂഹിക-സാമ്പത്തിക ക്രമക്കേട് സൃഷ്ടിക്കുകയും ചെയ്തു,” എന്നും വടക്കൻ അവകാശപ്പെട്ടു.

പാലാ ബിഷപ്പിന്റെ പ്രസ്താവന സംസ്ഥാനത്ത് ഒരു വിവാദത്തിന് ഇടയാക്കുകയും ക്രിസ്ത്യൻ, മുസ്ലീം സമുദായങ്ങളിൽ നിന്ന് പ്രതികരണങ്ങളുണ്ടാവുകയും ചെയ്തു. ഭരണകക്ഷിയായ സിപിഐഎമ്മും പ്രധാന പ്രതിപക്ഷമായ കോൺഗ്രസും പരാമർശങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചപ്പോൾ കേരളത്തിലെ ബിജെപി ബിഷപ്പിനെ പിന്തുണച്ച് രംഗത്തെത്തി.

മയക്കുമരുന്നിന് മതപരമായ നിറം നൽകേണ്ടതില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിലപാടെടുത്തിരുന്നു. ബിഷപ്പിന്റെ അഭിപ്രായങ്ങൾ വഴി സംഘപരിവാർ വർഗീയ സംഘർഷമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും വിഡി സതീശൻ വിമർശിച്ചിരുന്നു.

Read More: ‘ബിഷപ് ഒരു വിരൽ മുസ്‌ലിങ്ങൾക്ക് നേരെ ചൂണ്ടുമ്പോൾ മറ്റൊരു വിരൽ അദ്ദേഹത്തിന് നേരെയും ചൂണ്ടപ്പെടുന്നു’: സക്കറിയ

“കേന്ദ്ര ഗവൺമെന്റിനോടുള്ള എന്റെ അഭ്യർത്ഥന, അത്തരം പ്രശ്നങ്ങളിൽ ശിക്ഷ നൽകാൻ കേന്ദ്ര നിയമനിർമ്മാണം കൊണ്ടുവരിക, നാർക്കോ-ടെററിസം, ലൗ ജിഹാദ് എന്നിവ കൈകാര്യം ചെയ്യാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ കൊണ്ടുവരിക എന്നതാണ്,” വടക്കൻ കൂട്ടിച്ചേർത്തു.

വ്യാഴാഴ്ചയാണ് ബിഷപ്പിന്റെ പ്രസ്താവന. ക്രിസ്ത്യൻ പെൺകുട്ടികൾ കേരളത്തിൽ “ലൗ ജിഹാദിന്റെയും നർക്കോട്ടികി ജിഹാദിന്റെയും” ഇരകളായിക്കൊണ്ടിരിക്കുകയാണെന്നും ആയുധങ്ങൾ ഉപയോഗിക്കാൻ കഴിയാത്തിടത്ത് തീവ്രവാദികൾ മറ്റ് മതങ്ങളിൽപ്പെട്ട യുവാക്കളെ നശിപ്പിക്കാൻ ഇത്തരം രീതികൾ ഉപയോഗിക്കുന്നുവെന്നുമാണ് ബിഷപ്പ് പറഞ്ഞത്.

ഒരു പ്രസ്താവനയിൽ, കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ (കെസിബിസി) ബിഷപ്പിന്റെ വാക്കുകൾ ഒരു സമുദായത്തെയും ലക്ഷ്യം വച്ചുള്ളതല്ലെന്നും അദ്ദേഹം സമൂഹത്തിന്റെ ആശങ്കകൾ പങ്കുവെക്കുകയാണെന്നും പറഞ്ഞു. “ഇത് വിവാദമാക്കരുത്, പകരം ഗൗരവത്തോടെ ചർച്ച ചെയ്യണം,” എന്നും പ്രസ്താവനയിൽ പറയുന്നു.

ദക്ഷിണേന്ത്യയിലെ തിരഞ്ഞെടുപ്പ് അടിത്തറ വിപുലീകരിക്കുന്നതിനായി സംസ്ഥാന ജനസംഖ്യയുടെ 19 ശതമാനത്തോളം വരുന്ന ക്രിസ്ത്യൻ സമൂഹത്തെ ആകർഷിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട്.

Read More: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം അതിരുകടന്നത്; പാലാ ബിഷപ്പിനെ വിമര്‍ശിച്ച് വി.ഡി. സതീശന്‍

സഖ്യമുണ്ടാക്കുന്ന കാര്യത്തിൽ അയവ് വരുത്താമെന്നും സംസ്ഥാനത്തെ ക്രിസ്ത്യൻ സമൂഹത്തിനിടയിൽ സ്വാധീനമുണ്ടാക്കാൻ ശ്രമിക്കാമെന്നും ജൂണിൽ ബിജെപി ജനറൽ സെക്രട്ടറിമാരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. “ബിജെപിയുമായി കൈകോർക്കുന്നതിൽ അവർക്ക് വലിയ പ്രശ്നമുള്ളതായി കാണുന്നില്ല,” എന്നും അന്ന് മോദി സൂചിപ്പിച്ചിരുന്നു. ഈ വർഷം ആദ്യം സംസ്ഥാനത്തെ സഭാ നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

ക്രിസ്ത്യൻ ആധിപത്യമുള്ള പ്രദേശങ്ങളിൽ, “ലവ്-ജിഹാദ്” ആരോപണം പാർട്ടി ഏറ്റെടുത്തിരുന്നു. നേതാക്കൾ അതിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് പ്രകടന പത്രികയിൽ “ലൗ ജിഹാദ്” വിരുദ്ധ നിയമം നടപ്പാക്കുമെന്നും വാദിച്ചിരുന്നു.

പാല ബിഷപ്പിന്റെ പ്രസ്താവന വിവാദമായതോടെ വിദേശകാര്യ സഹമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വി മുരളീധരൻ ബിഷപ്പിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ബിഷപ്പ് കേരളത്തിലെ സമുദായത്തിന്റെ ആശങ്ക ഉയർത്തുകയാണ് ചെയ്തതതെന്നും അദ്ദേഹത്തെ ആക്രമിച്ചുകൊണ്ട് നിശബ്ദനാക്കാനാവില്ലെന്നും മുരളീധരൻ പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Bjp takes up narcotics jihad remark wants centre to bring in a law to deal with it